റിയാദ് ∙ റിയാദ് മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർക്കായി കൂടുതൽ സൗകര്യപ്രദമായ പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി, നഗരത്തിൽ പുതിയ മൂന്ന് ബസ് റൂട്ടുകൾ കൂടി സേവനം ആരംഭിച്ചു.
മെട്രോയുടെ ഓറഞ്ച് ലൈനും പർപ്പിൾ ലൈനും തമ്മിൽ ബന്ധിപ്പിക്കുന്ന അൽ നാസീം സ്റ്റേഷനിലേക്കുള്ള റൂട്ട് 954, ഓറഞ്ച് ലൈനിലെ ഹസൻ ബിൻ തബീത്ത് സ്ട്രീറ്റ് സ്റ്റേഷൻ ബന്ധിപ്പിക്കുന്ന റൂട്ടുകൾ 956, 957 എന്നിവയാണ് പുതിയതായി ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചത്.
യാത്രക്കാർക്ക് കൂടുതൽ സൗകര്യത്തോടെ ലക്ഷ്യസ്ഥാനത്ത് എത്താൻ പുതിയ സർവീസുകൾ തുടർന്നും ഉണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് വിഭാഗം അറിയിച്ചു.
അടുത്തിടെ അവതരിപ്പിച്ച ഓൺ-ഡിമാൻഡ് ബസുകൾ 2026 അവസാനം വരെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.