റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ ഈ വർഷം അവസാനത്തോടെ സർവിസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണെന്ന് സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു. ഒരു ടി.വി ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഈ വേനൽക്കാലത്ത് ടിക്കറ്റ് വിൽപനക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിന് ഏകദേശം മൂന്നു വർഷത്തെ തുടർച്ചയായ പ്രയത്നം വേണ്ടി വന്നു. ഇപ്പോൾ അവസാന ഘട്ടത്തിലാണ്. വർഷാവസാനത്തിന് മുമ്പ് വായുവിൽ ചിറകുവിരിക്കാൻ ആഗ്രഹിക്കുന്നു. 2023 മാർച്ചിലാണ് റിയാദ് എയർ സ്ഥാപിക്കുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചത്. തുടർന്ന് 72 ‘ബോയിങ് 787 ഡ്രീംലൈനർ’ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ആദ്യ ഓർഡർ പ്രഖ്യാപിച്ചു. ഒരു പ്രത്യേക ‘വിഷ്വൽ ഐഡന്റിറ്റി’ നിർമിക്കാൻ കമ്പനിക്ക് താൽപര്യമുണ്ടായിരുന്നു.
2023-ലെ പാരീസ് എയർ ഷോയിൽ അത് അനാച്ഛാദനം ചെയ്തു. തുടർന്ന് ദുബൈ എയർ ഷോയിൽ രണ്ടാമത്തെ ഡിസൈൻ പ്രദർശിപ്പിച്ചു. രണ്ട് ഡിസൈനുകൾ എന്തിനാണെന്ന് ചിലർ ഞങ്ങളോട് ചോദിച്ചു. ‘ഞങ്ങൾക്ക് കഴിയും’ എന്ന് മറുപടി നൽകി. എന്നാൽ, ചാരുത, മികവ്, വ്യതിരിക്തത എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു ദേശീയ വിമാനക്കമ്പനിയിൽ ഞങ്ങളുടെ അഭിമാനം പ്രകടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു എന്നതാണ് സത്യം. റിയാദ് എയറിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലായിരുന്നു പാരീസ് ഫാഷൻ വീക്ക് 2024-ൽ കാബിൻ ക്രൂ യൂനിഫോം പ്രദർശിപ്പിച്ചത്. ജിദ്ദയിൽ ഫോർമുല വൺ കറോട്ട മത്സരത്തിനിടെ വിമാനത്തിന്റെ കാബിൻ പ്രദർശിപ്പിക്കാനും കഴിഞ്ഞെന്ന് സി.ഇ.ഒ പറഞ്ഞു.
ഗ്രൂപ് 20 രാജ്യങ്ങളിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നായ സൗദി അറേബ്യയിൽനിന്നുള്ള ദീർഘദൂര വിമാന സർവിസുകൾക്ക് ഒന്നിലധികം ദേശീയ വിമാനക്കമ്പനികളുടെ ആവശ്യമുണ്ടെന്ന് ഡഗ്ലസ് പറഞ്ഞു. വലിയ ജനസംഖ്യയുള്ള ഒരു വലിയ രാജ്യമാണ് സൗദി അറേബ്യ. ഇന്ന് നമുക്ക് വേണ്ടത്ര അന്താരാഷ്ട്ര കണക്ടിവിറ്റി ഇല്ല. അതിനാൽ അന്താരാഷ്ട്ര വിമാനങ്ങൾ ഉണ്ടാവേണ്ടതിന് വ്യക്തമായ ന്യായീകരണമുണ്ട്.
മറ്റുള്ളവർക്ക് മുമ്പ് ബോയിങ് 787 വിമാനം ലഭിച്ചതിനാൽ റിയാദ് എയറിന് ദീർഘദൂര സർവിസുകൾ ആരംഭിക്കാനാവും. വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ വിവിധ രാജ്യ തലസ്ഥാനങ്ങളിലേക്കായിരിക്കും റിയാദിൽനിന്ന് ആദ്യ സർവിസുകൾ. ജിദ്ദ, ദുബൈ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഹ്രസ്വ വിമാന സർവിസുകളും ആരംഭിക്കും. 60 ‘എ 321’ വിമാനങ്ങളും 72 ‘ബോയിങ് 787’ വിമാനങ്ങളും ഉൾപ്പെടെ 132 വിമാനങ്ങളുമായാണ് തുടക്കത്തിൽ സർവിസ് ആരംഭിക്കുക. ഇപ്പോൾ പുതിയ വൈഡ് ബോഡി എയർക്രാഫ്റ്റ് കൂട്ടിച്ചേർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വേനൽക്കാലത്ത് ഞങ്ങൾ മൂന്നാമത്തെ വിഭാഗം വിമാനങ്ങളുടെ വാങ്ങൽ പ്രഖ്യാപിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.











