മോസ്കോ : റഷ്യയിലെ കസാനിൽ ഡ്രോൺ ആക്രമണം . ഉയരംകൂടിയ കെട്ടിടങ്ങളെ ലക്ഷ്യമാക്കി എട്ടോളം ഡ്രോണുകളാണ് ആക്രമണം നടത്തിയത്. നിരവധി ബഹുനില കെട്ടിടങ്ങൾക്കുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. കെട്ടിടങ്ങളിൽനിന്ന് തീയും പുകയും ഉയരുന്നതിന്റെ വിഡിയോ പുറത്തുവന്നു. യുക്രെയ്ൻ ആണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. ഒരു ഡ്രോൺ റഷ്യൻ വ്യോമപ്രതിരോധ സേന വെടിവച്ചിട്ടതായി വാർത്താ ഏജൻസിയായ സ്ഫുട്നിക് റിപ്പോർട്ട് ചെയ്തു.
ആക്രമിക്കപ്പെട്ട കെട്ടിടങ്ങളിൽനിന്ന് ആളുകളെ കസാൻ അധികൃതർ ഒഴിപ്പിച്ചു. കസാൻ വിമാനത്താവളങ്ങളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെയാണ് കസാൻ. വെള്ളിയാഴ്ച റഷ്യ കയ്‌വിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.











