ന്യൂഡല്‍ഹി: രാജ്യം ഇന്ന് വിവിധ തിരഞ്ഞെടുപ്പുകളുടെ ചൂടില്‍. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അടക്കം 10 സംസ്ഥാനങ്ങളിലെ 31 നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നു.
ജാര്‍ഖണ്ഡിലെ 81സീറ്റില്‍ 43 സീറ്റുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആറ് സീറ്റുകള്‍ പട്ടികജാതി, 20 സീറ്റുകള്‍ പട്ടികവര്‍ഗം, 17 ജനറല്‍ സീറ്റുകള്‍ എന്നിവയാണുള്ളത്. പകല്‍ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. 683 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ചേലക്കര കൂടാതെ രാജസ്ഥാനിലെ ഏഴ്, പശ്ചിമ ബംഗാളിലെ ആറ്, അസമിലെ അഞ്ച്, ബിഹാറിലെ നാല്, കര്‍ണാടകയിലെ മൂന്ന്, മധ്യപ്രദേശിലെ രണ്ട്, ഛത്തീസ്ഗഡ്, ഗുജറാത്ത്, മേഖാലയിലെ ഓരോ സീറ്റിലും ഇന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്.പാലക്കാടിനൊപ്പം ഉത്തര്‍പ്രദേശിലെ ഒമ്പത്, പഞ്ചാബിലെ നാല് സീറ്റിലും 20ാം തീയതിയാണ് വോട്ടെടുപ്പ്. സിക്കിമിലെ സോറങ്-ചാക്കുങിലെയും നാംചി സിങ്ങിതങ് സീറ്റുകളില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) അംഗങ്ങളായ ആദിത്യ ഗോലേയും സതീശ് ചന്ദ്ര റായിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാടില്‍ 16 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 16.71 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനഅവകാശം വിനിയോഗിക്കും. 2.34 ലക്ഷം വോട്ടര്‍മാരുളള വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടര്‍മാര്‍.