അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അബുദാബിയിലെ ഖസർ അൽ ബഹറിൽ കൂടിക്കാഴ്ച നടത്തി. ദേശീയ കാര്യങ്ങളും പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പ്രധാനമായും ചർച്ച ചെയ്തു.രാജ്യത്തിന്റെ മുൻഗണനകളിലുള്ളതും ഭാവിയിലുമുള്ള വികസന തന്ത്രങ്ങളുടെ കാതലായവശങ്ങളും കൂടാതെ, യുഎഇയുടെ പുരോഗതി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, ആഗോള തലങ്ങളിൽ ദേശീയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വഴികളും ചർച്ചയ്ക്ക് വിഷയമായി. രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് ഒന്നാം ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് സെയ്ഫ് ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഷെയ്ഖ് സുറൂർ ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും ഇതര ഭണാധികാരികളും ഷെയ്ഖുമാരും ഉന്നതോദ്യോഗസ്ഥരും സംബന്ധിച്ചു.
