ദുബായ് ∙ ദീർഘകാല താമസത്തിനായി യുഎഇയിൽ എത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇനി രാജ്യത്തിനകത്തു നിന്നു തന്നെ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. വിഎഫ്എസ് ഗ്ലോബൽ റിയാദ് ഗ്രൂപ്പുമായി ചേർന്ന് ആരംഭിച്ച പുതിയ ഇമിഗ്രേഷൻ അഡ്വൈസറി സേവനം വഴിയാണ് ഈ സൗകര്യം ലഭ്യമാകുന്നത്.
10 വർഷത്തെ റസിഡൻസി വിസയായ ഗോൾഡൻ വീസയ്ക്ക് മുമ്പ് അപേക്ഷിക്കേണ്ടത് യുഎഇയിൽ നേരിട്ടെത്തിയാണ് സാധ്യമായിരുന്നത്. എന്നാൽ, പുതിയ സംവിധാനം വഴി നോമിനേഷൻ, പ്രാഥമിക അനുമതി തുടങ്ങിയ നടപടികൾ ഇന്ത്യയിൽ നിന്ന് തന്നെ പൂർത്തിയാക്കാം. അന്തിമ അനുമതിക്ക് യുഎഇയിലേക്ക് യാത്ര ഇപ്പോഴും ആവശ്യമാണ്.
നിക്ഷേപമോ കമ്പനിയോ ഇല്ലാതെ ഒരു ലക്ഷം ദിർഹം (ഏകദേശം ₹23.3 ലക്ഷം) നൽകി ആജീവനാന്ത ഗോൾഡൻ വീസ ലഭിക്കും എന്ന തരത്തിലുള്ള വാർത്തകൾ തെറ്റായവ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഗോൾഡൻ വീസയ്ക്ക് അർഹരായവരുടെ യോഗ്യത, സാമ്പത്തിക നില, വിദ്യാഭ്യാസം, പ്രൊഫഷണൽ പാശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിലാണ് അപേക്ഷകൾ പരിഗണിക്കുക.
വാർത്താ സ്ഥാപനമായ റിയാദ് ഗ്രൂപ്പുമായി ചേർന്ന് വിഎഫ്എസ് ഗ്ലോബൽ ന്യൂഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിലായി ‘സെന്റേഴ്സ് ഓഫ് എക്സലൻസ്‘ സ്ഥാപിക്കുന്നു. ഇവിടങ്ങളിൽ അപേക്ഷകരെ:
- യോഗ്യതാ വിഭാഗത്തിൽ പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയും
- ആവശ്യമായ രേഖകൾ തയ്യാറാക്കാൻ സഹായിക്കുകയും
- യുഎഇയുടെ ഇമിഗ്രേഷൻ നിയമങ്ങൾ പാലിക്കുന്നതിന് മാർഗനിർദ്ദേശം നൽകുകയും ചെയ്യും.
അർഹതയുള്ള വിഭാഗങ്ങൾ
- ബിസിനസ് ഉടമകൾ
- ശാസ്ത്ര, ഐടി, മെഡിക്കൽ, സാമ്പത്തിക മേഖലകളിലെ വിദഗ്ധർ
- കലാകാരന്മാർ, ഇൻഫ്ലുവൻസർമാർ
- യുഎഇയുടെ ഇന്നൊവേഷൻ, സമ്പദ്‌വ്യവസ്ഥ, അല്ലെങ്കിൽ സംസ്കാരം എന്നിവയ്ക്ക് സംഭാവന നൽകുന്ന സംരംഭകർ
അപേക്ഷക്ക് ആവശ്യമായ പ്രധാന രേഖകൾ
- വ്യക്തിഗത, പ്രൊഫഷണൽ പ്രൊഫൈൽ
- പാസ്പോർട്ട് കോപ്പി
- ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുടെ രേഖ
- ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
- അഡ്രസ് പ്രൂഫ്
- പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
ഗോൾഡൻ വീസയുള്ളവർക്ക് പങ്കാളി, മുതിർന്ന കുട്ടികൾ, മാതാപിതാക്കൾ, വീട്ടുജോലിക്കാർ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനും സാധിക്കും. ഇതിന് ഒരു വസ്തുവിൽ നിക്ഷേപിക്കുകയോ കമ്പനി സ്ഥാപിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.