ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട് വിവാദം. മൻ മോഹൻ സിംഗിന്‍റെ സ്മാരകത്തിന് സ്ഥലം വിട്ടുനല്‍കണമെന്നാണ് കോൺഗ്രസ് ആവശ്യം. നിലവിൽ സംസ്കാരം പൊതുശ്മശാനമായ നിഗംബോധ്ഘട്ടിലാണ് നടക്കുന്നത് എന്നാൽ ഇവിടെ സ്മാരകം വേണ്ടായെന്നും പ്രത്യേക സ്ഥലം ഇതിനായി അനുവദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.
അതേ സമയം സംസ്കാരം നിലവിൽ നിഗംബോധ്ഘട്ടിൽ തന്നെ നടക്കട്ടെയെന്നും പിന്നീട് ഒരു പ്രത്യേക സ്ഥലം സ്മാരകത്തിനായി അനുവദിക്കാമെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം. ഒരു ട്രസ്റ്റ് രൂപികരിച്ചതിന് ശേഷമാവും ആ സ്ഥലം കൈമാറുക എന്നും കേന്ദ്രം അറിയിച്ചു.
മൻ മോഹൻ സിംഗ് പ്രധാന മന്ത്രിയായിരുന്ന മുൻ യുപിഎ സർക്കാരിൻ്റെ കാലത്ത് പ്രധാന മന്ത്രിമാർ ഉൾപ്പടെയുള്ളവർ മരണപ്പെട്ടാല്‍ പ്രത്യേക സ്ഥലം സ്മാരകത്തിനായി അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ഉയർത്തിയാണ് കേന്ദ്രം കോൺഗ്രസിൻ്റെ വാദത്തെ പ്രതിരോധിക്കുന്നത്. അതേ സമയം, രാജ്യത്തിൻ്റെ ആദ്യ സിഖ് പ്രധാനമന്ത്രിയെ അപമാനിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.