പുരാവസ്തു വില്പ്പനക്കാരന് എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലില്‍ നിന്ന് പൊലീസുകാര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായി കണ്ടെത്തല്‍. മെട്രോ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്ഐ എ ബി വി പിന് 1.80ലക്ഷം രൂപയുമാണ് കൈപ്പറ്റിയത്
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലില്‍ നിന്ന് പൊലീസുകാര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായി കണ്ടെത്തല്‍. കൊച്ചി മെട്രോ സിഐ അനന്ത് ലാല്‍, വയനാട് മേപ്പാടി എസ്ഐ വിപി ന് എന്നിവര്‍ മോന്‍സനില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. അനന്തലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്ഐ എ ബി വിപിന്‍ 1.80ലക്ഷം രൂപയുമാണ് കൈപ്പറ്റിയത്. പൊലീസുകാര്‍ പണം കൈപ്പറ്റിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു.
മോന്‍സന്റെ സഹായിയും പോക്സോ കേസിലെ പ്രതിയുമായ ജോഷിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പൊലീസുകാര്‍ക്ക് പണം കൈമാറിയത്. പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്കി. കടമായാണ് കൈപ്പറ്റിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല.