മസ്‌കത്ത് : മൂന്നാഴ്ച നീണ്ട അവധിക്കാലത്തിന് ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വർഷത്തിന് ( 2025-2026) തുടക്കമായി. അറ്റകുറ്റ പണികൾ നടത്തിയും വേനൽക്കാലത്തേക്ക് പ്രവേശിക്കുന്നതിനാൽ ക്ലാസ് മുറികളിലെ ശിതീകരണ സംവിധാനം അടക്കമുള്ളവയുടെ കേടുപാടുകള്‍ പരിഹരിച്ചും സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ എല്ലാ ക്രമീകരണങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. മൂന്നാഴ്ചയോളം നീണ്ട അവധിക്കാലം ഭൂരിഭാഗം പേരും ഒമാനിൽ തന്നെയാണ് ചെലവിട്ടത്. രണ്ടു മാസം കഴിഞ്ഞാൽ വേനല്‍ക്കാല അവധി എത്തുമെന്നതിനാലാണ് നാട്ടിലേക്കുള്ള യാത്ര പലരും ഇപ്പോൾ ഒഴിവാക്കിയത്. അതേസമയം മിക്ക സ്കൂളുകളിലും അവധിക്കാലത്ത് അധ്യാപകർക്കായി പരിശീലന ക്ലാസുകളും ക്യാംപുകളുമായി തിരക്കേറിയിരുന്നു. അവധിക്കാലത്ത് നാടണയാത്ത വിദ്യാര്‍ഥികള്‍ക്കായി ചില കൂട്ടായ്മകളും സംഘടനകളും പ്രത്യേക ക്ലാസുകളും പാഠ്യേതര പരിശീലന പരിപാടികളും ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു.
