റിയാദ്: മുംബൈയിലെ സൗദി കോൺസുലേറ്റിൽ ഗാർഹിക വിസ സ്റ്റാമ്പിങ് പുനരാരംഭിച്ചു. ഒന്നര മാസത്തെ ഇടവേളക്കു ശേഷമാണിത്. അപ്രതീക്ഷിതമായായിരുന്നു ഒന്നര മാസം മുമ്പ് മുംബൈ സൗദി കോണ്‍സുലേറ്റിൽ വിസ സ്റ്റാമ്പിങ് നിർത്തിവെച്ചത്. പകരം ന്യൂ ഡല്‍ഹിയിലെ സൗദി എംബസി വഴിയായിരുന്നു വിസ സ്റ്റാമ്പിങ് നടന്നത്. ഇന്ത്യ മാത്രമല്ല പാകിസ്താന്, ബംഗ്ലാദേശ് അടക്കം മറ്റ് രാജ്യങ്ങളിലേയും സൗദി കോൺസുലേറ്റുകളിൽ ഇപ്രകാരം ഗാർഹിക വിസ സ്റ്റാമ്പിങ് നിർത്തിയിരുന്നു. പകരം എല്ലായിടത്തും എംബസികൾ വഴിയാണ് സ്റ്റാമ്പിങ് നടന്നിരുന്നത്. ഇതു കാരണം എംബസികളിൽ തിരക്കേറുകയും കാലതാമസത്തിന് പുറമെ വിസ സ്റ്റാമ്പിങ് സർവിസ് ചാര്‍ജ് പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്തു.
ഇങ്ങനെ ചെലവ് വർധിച്ചതോടെ കേരളത്തിലെ അടക്കം ട്രാവൽ ഏജന്‍സികൾ വിസ സേവനങ്ങള്‍ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ കോൺസുലേറ്റുകൾ സ്റ്റാമ്പിങ് നടപടി പുനരാരംഭിച്ചതോടെ എല്ലാം പഴയ നിലയിലായി. കേരളത്തിലേതുൾപ്പെടെ ട്രാവൽ ഏജൻസികളും റിക്രൂട്ടിങ് സ്ഥാപനങ്ങളും സജീവമാകുകയും ചെയ്തിരിക്കുകയാണ്.
സൗദി അറേബ്യയുടെ വിവിധ രാജ്യങ്ങളിലുള്ള കോൺസുലേറ്റുകളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ നെറ്റ്വർക്ക് സിസ്റ്റം അപ്ഡേഷനും മറ്റ് ചില സാങ്കേതിക തകരാറുകളുമാണ് താൽക്കാലിക നിർത്തലിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.










