ശിവസേന വിമത നേതാവിനെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിച്ച് ബിജെപിയുടെ അപ്രതീക്ഷിത നീക്കം
മുംബൈ : കലങ്ങി മറിഞ്ഞ മഹാരാഷ്ട്ര രാഷ്ട്രീയത്തിന് ഒടുവില്‍ അപ്രതീക്ഷിത ക്ലൈമാക്‌സ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവസേനയുടെ വിമത നേതാവായ ഏകനാഥ് ഷിന്‍ഡെയെ നിര്‍ദ്ദേശിച്ച് ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മുഖ്യമന്ത്രിയായി ഷിന്‍ഡെ
വൈകീട്ട് തന്നെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുമെന്നും ഫട്‌നാവിസ് അറിയിച്ചു.
ശിവസേനയും നേതാവ് ഉദ്ധവ് താക്കറയെയും മഹാവികാസ് അഖാഡിയേയും എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് ഫട്‌നാവിസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏകനാഥ് ഷിന്‍ഡേയെ നാമനിര്‍ദ്ദേശം ചെയ്തത്.
ബിജെപി നടത്തുന്ന രാഷ്ട്രീയ നാടകമെന്നും അധികാരത്തിനു വേണ്ടി ശിവസേനയെ പിളര്‍ത്തിയെന്നുമെല്ലാം ആരോപണം അന്തരീക്ഷത്തില്‍ നിലനില്‍ക്കെയാണ് രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ച് കൊണ്ട് ബിജെപി അപ്രതീക്ഷിത നീക്കം നടത്തിയത്.
വിശ്വാസ വോട്ട് നടത്താന്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ അതിന് ഒരുങ്ങാതെ രാജിവെച്ച ഉദ്ധവ് താക്കറ പടിയിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ രൂപികരണത്തിന് അവകാശവാദവുമായി ദേവേന്ദ്ര ഫട്‌നാവിസും ഏകനാഥ് ഷിന്‍ഡെയും ഗവര്‍ണറെ കണ്ടിരുന്നു.
എന്നാല്‍, ബിജെപി മുഖ്യമന്ത്രി പദം ഏറ്റെടുക്കാതെയുള്ള നീക്കമാണ് ഇപ്പോള്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.