മസ്കത്ത് : മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ വീടിന് തീപിടിച്ച് രണ്ട് മരണം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല.താമസ കെട്ടിടത്തിനുള്ളിൽ നിന്നും തീ ഉയരുകയായിരുന്നു. ഫർണിച്ചറുകളും മറ്റു ഗൃഹോപകരണങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങൾ കത്തിനശിച്ചു. മരിച്ചവരെ കുറിച്ചോ പരുക്കേറ്റയാളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
