തിരുവനന്തപുരം: മലയാളത്തിന്റെ കാവ്യ സുകൃതം ബി. സുഗതകുമാരിക്ക് അന്ത്യാഞ്ജലി. സംസ്‌കാരം തിരുവനന്തപുരം ശാന്തികവാടത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളൊന്നും പാടില്ലെന്ന സുഗതകുമാരി ടീച്ചര്‍ പറഞ്ഞിരുന്നെങ്കിലും അര്‍ഹമായ യാത്രയയപ്പ് നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
രാവിലെ 10.52ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു സുഗതകുമാരിയുടെ അന്ത്യം. കോവിഡ് വന്നതിന് ശേഷം ആരോഗ്യനില മോശമാവുകയായിരുന്നു. കോവിഡ് ആന്തരികാവയവങ്ങളെ ബാധിച്ചാണ് മരണകാരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.