മതത്തെയും രാജ്യത്തേയും മോശമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം
കുവൈത്ത് സിറ്റി: മതത്തെയും രാജ്യത്തേയും മോശമായി ചിത്രീകരിക്കുന്ന എല്ലാ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളെയും നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം. പ്രസിദ്ധീകരണ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നിയമലംഘനം നടത്തുന്നവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്യുന്നുണ്ട്.
മതത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കണ്ടെത്തിയതിനാല്‍ ‘അണ്‍കവറിംഗ് ദി ഹിഡന്‍ ഇന്‍ സാഹിഹ് അല്‍ ബുഖാരി’ എന്ന പുസ്തകത്തിന് 2018 മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രസിദ്ധീകരണ പ്രക്രിയയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിലെ അശ്രദ്ധ ഒരു കാരണവശാലും മന്ത്രാലയം അനുവദിക്കില്ല എന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയ വക്താവ് അന്‍വര്‍ മുറാദ് പറഞ്ഞു.
പബ്ലിക് ലൈബ്രറികളിലും വിൽപ്പന കേന്ദ്രങ്ങളിലും പ്രസിദ്ധീകരിക്കുന്ന എല്ലാ കാര്യങ്ങളിലും ഇൻഫർമേഷൻ മന്ത്രാലയത്തിന്‍റെ ഓഡിറ്റ് ടീമുകൾ പരിശോധന നടത്തുന്നുണ്ട്. ചട്ടങ്ങളും നിയമങ്ങളും പാലിക്കാത്തവരെ യോഗ്യതയുള്ള അധികൃതരിലേക്ക് റഫർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.