ദോഹ : രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ദോഹ മുൻസിപ്പാലിറ്റിക്ക് കീഴിൽ വ്യാപക പരിശോധന. ദോഹ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ വിഭാഗം 15 ദിവസങ്ങളിലായി ഇൻഡസ്ട്രിയിൽ ഏരിയയിലെ 167 ലധികം ഭക്ഷ്യ ഉൽപാദന, വിതരണ കമ്പനികളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദനം, പാക്കേജിങ്, സംഭരണം, വിതരണം, വിപണനം എന്നിവയിൽ ആരോഗ്യ സുരക്ഷ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പരിശോധനകൾ.
ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ചില കമ്പനികൾ വീഴ്ച വരുത്തിയതായി കണ്ടെത്തി. ശീതീകരിച്ച ഗോഡൗണുകളിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ അത്തരം ഇടങ്ങളിൽ തന്നെ സൂക്ഷിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിൽ കമ്പനികൾ ശ്രദ്ധിക്കണമെന്ന് മുൻസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ഭക്ഷ്യ വസ്തുക്കളുടെ വിതരണ സമയത്ത് സുരക്ഷിതവും ശരിയായതുമായ രീതിയിലാണോ നടക്കുന്നതെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
പരിശോധന നടത്തിയ മുൻസിപ്പൽ അധികൃതർ 96 വ്യത്യസ്ത ഭക്ഷ്യ വസ്തുക്കളുടെ സാംപിളുകൾ സെൻട്രൽ ലബോറട്ടറിയിൽ പരിശോധനക്കും വിധേയമാക്കി. കൂടാതെ ഭക്ഷ്യ വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ അനിവാരൃയതയെ കുറിച്ച് കമ്പനി അധികൃതർക്കിടയിൽ മുൻസിപ്പൽ ഉദോഗസ്ഥർ ബോധവത്കരിക്കരണം നടത്തുകയും ചെയ്തു.
ക്യാംപെയ്നിൽ 30-ലധികം ഫുഡ് ഇൻസ്‌പെക്ടർമാരും മൃഗഡോക്ടർമാരും ആരോഗ്യ വിഭാഗം മേധാവികളും പങ്കെടുത്തു. റെഗുലേഷൻ ഓഫ് ഹ്യൂമൻ ഫുഡ് കൺട്രോൾ നിയമത്തിന്റെ വെളിച്ചത്തിലാണ് മുനിസിപ്പാലിറ്റി അധികൃതർ ഈ പരിശോധന നടത്തുനത്. വിപണിയിൽ ലഭ്യമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷിതത്വവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യതയും ഉറപ്പാക്കുന്നതിനാണ് ഇത്തരം പരിശോധനകളെന്നും അധികൃതർ വ്യക്തമാക്കി.
