മനാമ: ബഹ്റൈൻ രാജ്യത്തെ എല്ലാ താമസക്കാർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ തയ്യാറെടുക്കുന്നു. രാജ്യത്തെ ആരോഗ്യ പരിപാലനത്തിനായുള്ള സുപ്രീം കൗൺസിലിന്റെ മുൻഘോഷണമനുസരിച്ച്, ഈ വർഷം അവസാനം മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
‘ഹക്കീം പ്രോഗ്രാം’ എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം, മുഴുവൻ താമസക്കാർക്കും സമഗ്രവും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിചരണം ഉറപ്പാക്കുകയാണ്. അഞ്ച് വർഷത്തേക്കുള്ള ഈ നിർബന്ധിത ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി, പ്രൈമറി, സെക്കൻഡറി, എമർജൻസി മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടെ ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.
പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ ഇൻഷുറൻസ് കമ്പനികളെ കണ്ടെത്തുന്നതിനായി ടെൻഡർ ബോർഡ് നടപടികളിൽ തുടരുകയാണ്. ഓഗസ്റ്റ് 4 മുതൽ കമ്പനികൾക്ക് ടെൻഡർ സമർപ്പിക്കാനാകും. മികച്ച ഇൻഷുറൻസ് കമ്പനിയെയാണ് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് തിരഞ്ഞെടുക്കുക.
പദ്ധതി സ്വകാര്യ മേഖലയുടെ പങ്കാളിത്തം വഴി നടപ്പിലാക്കുന്നതാണ്, ഭരണ സംവിധാനം പൊതുമേഖലയും സ്വകാര്യവുമൊത്ത് പ്രവർത്തിക്കുന്ന മാതൃകയിലേക്കുള്ള മറ്റൊരു ശക്തമായ അടയാളമായിരിക്കും ഇതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.