മനാമ: ഗതാഗത നിയമലംഘനങ്ങൾക്കും അതുവഴി ഉണ്ടാകുന്ന അപകടങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ നിർദേശത്തിൽ, ഗുരുതര പരിക്കുകളോ മരണങ്ങളോ ഉണ്ടാകുന്ന അപകടങ്ങൾക്കും ശക്തമായ ശിക്ഷാ നടപടികൾ ഉണ്ടാകണമെന്നും അതിനായി ആവശ്യമായ നിയമനിർമാണം നടപ്പിലാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പൊതുജന സുരക്ഷ വർധിപ്പിക്കുകയും ഗതാഗത മേഖലയിലുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുകയും ചെയ്യാൻ സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി ഈ നടപടി സ്വീകരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ പാലിക്കാനുളള പ്രേരണ നൽകുന്നതിന് വേണ്ടിയും മനുഷ്യജീവിതവും സ്വത്തിനും മികച്ച സംരക്ഷണം നൽകുന്നതിനും പുതിയ നടപടികൾ രൂപപ്പെടുത്തിയതായി അവർ അറിയിച്ചു.
നിയമങ്ങൾ പുതുക്കുകയും നിയമലംഘകരെ കർശനമായി പരിഗണിക്കുകയും ചെയ്യുന്നതിന് ഈ നീക്കങ്ങൾ വഴിയൊരുക്കും. സാമൂഹിക സുരക്ഷയും പൊതുജന ക്ഷേമവും പ്രധാനമാക്കിയുള്ള ദൗത്യത്തിന്റെ ഭാഗമായി പുതിയ നടപടികൾ കൊണ്ടുവരുമെന്നും കിരീടാവകാശി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.