സനുമോഹന്റെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടത്തിയ രക്തക്കറ വൈഗയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്
തിരുവനന്തപുരം: സനുമോഹന്റെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടത്തിയ രക്തക്കറ വൈഗയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. സനു മോഹന്റെ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ കൊല്ലപ്പെട്ട വൈഗയുടേത് തന്നെയാണ് എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഡിഎന്‍എ പരിശോധനാ ഫലം അന്വേഷണ സംഘത്തിന് കിട്ടി. അന്വേഷണത്തിന്റെ തുടക്കത്തില്‍ ഫ്ളാറ്റില്‍ കാണപ്പെട്ട രക്തക്കറ ആരുടേതാണെന്ന് വ്യക്തമാകാതിരിക്കുകയും അത് അന്വേഷണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഫ്ളാറ്റില്‍ വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് മൂക്കില്‍ നിന്നും രക്തം വീണ് രക്തക്കറ ഉണ്ടായതെന്ന് വൈഗയുടെ അച്ഛനും കുട്ടിയുടെ കൊലപാതകിയുമായ സനു മോഹന്‍ പൊലീസിനോട് സമ്മതിച്ചതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുകയായിരുന്നു. ഡിഎന്‍എ ഫലം ലഭിച്ചതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുകയും ചെയ്തു.
അതേസമയം പിതാവ് സനുമോഹനെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. കൊച്ചിയിലെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് സനുമോഹനെ അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. കോയമ്പത്തൂരിലേക്ക് കടക്കുന്നതിന് മുന്‍പ് വാളയാര്‍ ടോള്‍ പ്ലാസയിലും പാലക്കാട്ടെ ചില കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തി. സനുമോഹന് ഒളിവില്‍ പോവാന്‍ മറ്റാരുടേയെങ്കിലും സഹായം കിട്ടിയോയെന്ന് കണ്ടെത്താനായിരുന്നു ഇത്.