ലോകകപ്പ് കാണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. ഖത്തറിലേക്കും യുഎഇയിലേക്കും സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകള്‍
ദോഹ : പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ എത്തിയ എയര്‍ ഇന്ത്യ തങ്ങളുടെ ഖത്തര്‍ സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ലോകകപ്പ് ഫുട്‌ബോള്‍ മേളയ്ക്ക് ആരാധകരെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് എയര്‍ ഇന്ത്യ ഖത്തറിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നത്.
നവംബര്‍ മൂന്നാം വാരമാണ് ലോകകപ്പ് മാമാങ്കത്തിന് അരങ്ങുണരുക. പതിനഞ്ച് ലക്ഷം കാണികളാണ് ഇക്കാലയളവില്‍ ഖത്തറില്‍ കളികാണാനായി എത്തുക.
ഇന്ത്യയില്‍ നിന്നും നിരവധി പേര്‍ ഖത്തറിലെ ടൂര്‍ണമെന്റ് കാണാന്‍ ടിക്കറ്റ് സ്വന്തമാക്കിക്കഴിഞ്ഞു. ഇതിനെ തുടര്‍ന്നാണ് ദോഹയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്.
ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ ഏറേയുള്ള കൊല്‍ക്കൊത്തയില്‍ നിന്നാണ് കുടുതല്‍ ഫ്‌ളൈറ്റുകള്‍. ഒക്ടോബര്‍ 22 മുതലാണ് ഈ സര്‍വ്വീസുകള്‍ ആരംഭിക്കുക. ആഴ്ചയില്‍ നാലു അധിക ഫ്‌ളൈറ്റുകളാണ് എയര്‍ ഇന്ത്യ ഓപറേറ്റ് ചെയ്യുക.
എയര്‍ ഇന്ത്യ തങ്ങളുടെ പുതിയ എയര്‍ബസ് എ320 വിമാനമാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. 12 ബിസിനസ് ക്ലാസും 150 ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് ഈ എയര്‍ക്രാഫ്ടില്‍ ഒരുക്കിയിട്ടുള്ളത്.
ദുബായിലേക്ക് പ്രതിവാരം 69 സര്‍വ്വീസുകള്‍ നിലവില്‍ എയര്‍ ഇന്ത്യ ഓപറേറ്റ് ചെയ്യുന്നുണ്ട്. ഈ വിമാനങ്ങള്‍ ഖത്തറിലേക്ക് നീട്ടും.
കോവിഡ് 19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും സര്‍വ്വീസുകള്‍ എന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.