മക്ക : കേരളത്തിൽനിന്നുള്ള സ്വകാര്യ ഹജ് തീർഥാടക സംഘങ്ങളും മക്കയിൽ എത്തിത്തുടങ്ങി. അൽഹിന്ദ് ഹജ് ഗ്രൂപ്പിന് കീഴിൽ എത്തിയ ആദ്യ മലയാളി തീർഥാടക സംഘത്തിന് മക്ക കെഎംസിസി ഹജ് സെൽ വൊളന്റിയർമാർ സ്വീകരണം നൽകി. മിർഷാദ് യമാനി, ഇബ്രാഹിം ബാഖവി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് 126 അംഗ തീർഥാടകർ മക്കയിൽ എത്തിയത്. ഹറം പള്ളിക്കു സമീപമുള്ള അസ്‌ക അൽ സഫ ഹോട്ടലിലാണ് ഇവരുടെ താമസം. സൗദി കെഎംസിസി നാഷനൽ ഹജ് കമ്മിറ്റി ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, സുലൈമാൻ മാളിയേക്കൽ, നാസർ കിൻസാറ മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂർ എം.സി. നാസർ, സക്കീർ കാഞ്ഞങ്ങാട്, സിദ്ദീഖ് കൂട്ടിലങ്ങാടി, സമീർ കൊട്ടുകര എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
അൽഹിന്ദിനു കീഴിൽ 4 വിമാനങ്ങളിലായി മൊത്തം 321 തീർഥാടകർ സൗദിയിൽ എത്തി. കേന്ദ്ര ഹജ് കമ്മിറ്റി വഴി കേരളത്തിൽനിന്നുള്ള ആദ്യ ഹജ് സംഘം ഈ മാസം 10ന് മക്കയിലെത്തും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഹജ് തീർഥാടകർ ഉൾപ്പെടെ ദിവസേന ആയിരത്തിലേറെ പേർ സൗദിയിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽനിന്ന് ഇത്തവണ 1,75,025 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
