ന്യൂഡൽഹി : പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിയുടെ ശിഖരസൂര്യൻ എന്ന പുസ്‌തകത്തിന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ മികച്ച മലയാള പരിഭാഷയ്‌ക്കുള്ള അവാർഡ് ലഭിച്ചു. പ്രശസ്‌ത കന്നഡ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റുമായ ചന്ദ്രശേഖര കമ്പാറിന്റെ ശിഖരസൂര്യ എന്ന കന്നഡ നോവലിന്റെ 2015ൽ പ്രസിദ്ധീകരിച്ച മലയാള പരിഭാഷയാണിത്. 50,000രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. 24 ഭാഷകളിലെ പരിഭാഷകൾക്കുള്ള അവാർഡാണ് പ്രഖ്യാപിച്ചത്.
ബാംഗ്ളൂരിൽ സ്ഥിരതാമസക്കാരനായ സുധാകരൻ രാമന്തളി പയ്യന്നൂർ രാമന്തളി സ്വദേശിയും മുൻ എച്ച്.എ.എൽ ഉദ്യോഗസ്ഥനുമാണ്. യു.ആർ. അനന്തമൂർത്തി, ചന്ദ്രശേഖര കമ്പാർ തുടങ്ങിയ പ്രമുഖരുടെ 27 രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മലയാള നോവലുകളും രണ്ട് കഥാസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തി. പൂർണ ഉറൂബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ രുഗ്‌മിണി, മക്കൾ: സതീഷ്, സന്തോഷ്, സവിത.