റിയാദ് : സൗദി അറേബ്യയിലെ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഇഖാമ പുതുക്കൽ പ്രശ്നം നേരിടുന്നവരെ ഡിപ്പോർട്ടേഷൻ സെന്‍റർ വഴി നാട്ടിലേക്ക് മടക്കുന്നതിനു പകരം, എംബസി വഴി നാട്ടിലേക്ക് അയക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് എം.പി സ്ഥാനപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാമ കാലാവധി കഴിഞ്ഞവർക്ക് സ്‌പോൺസർഷിപ്പ് മാറുന്നതിനും എക്സിറ്റ് എടുക്കുന്നതിനുമുള്ള അവസരം നിലവിലുണ്ടെന്നും, അതിനായി എംബസിയിൽ റജിസ്റ്റർ ചെയ്തതിനുശേഷം ലേബർ ഓഫിസിൽ നിന്നും എക്സിറ്റ് അടിച്ചാൽ മതിയെന്നും സ്ഥാനപതി അറിയിച്ചു.
എന്നാൽ, ഇക്കാമ കാലാവധി കഴിഞ്ഞവർ പിടിക്കപ്പെട്ടാൽ ഡീപോർട്ടേഷൻ സെന്‍ററിലേക്ക് മാറ്റപ്പെടുകയും അതുവഴി നാട്ടിലേക്ക് മടക്കി അയക്കപ്പെടുകയും ചെയ്യുന്നത് പിന്നീട് സൗദി അറേബ്യയിലേക്ക് തിരിച്ചുവരാൻ പ്രയാസം ഉണ്ടാക്കുന്നതായി എം.പി ചൂണ്ടിക്കാട്ടി. ഇക്കാമ കാലാവധി കഴിഞ്ഞവരുടെ അറസ്റ്റ് ഒഴിവാക്കി പ്രവാസികൾക്ക് സഹായകരമായ എന്ത് നടപടി സ്വീകരിക്കാനാവുമെന്നത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്‍റെതല്ലാത്ത കാരണങ്ങളാൽ ഇക്കാമ പുതുക്കാനാവാതെ ഡിപ്പോർട്ടേഷൻ സെന്‍റർ വഴി നാട്ടിലേക്ക് പോകേണ്ടിവരുന്നവർക്ക് തിരിച്ചുവരവ് പ്രയാസമാണ്. ഇത്തരം സാഹചര്യത്തിൽ എംബസി വഴി തന്നെ നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇക്കാമ കാലാവധി കഴിഞ്ഞവർക്ക് ഫീസില്ലാതെ നാട്ടിൽ പോകാൻ ലഭിക്കുന്ന അവസരത്തോടൊപ്പം ആശ്രിതരുടെ ഭാര്യ, മക്കൾ എന്നിവരുടെ ലെവി കൂടി ഒഴിവാക്കി അവർക്കും നാട്ടിൽ പോകുന്നതിനുള്ള അവസരം നൽകണമെന്നും എം.പി സ്ഥാനപതിയോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ എംബസി നടത്തിയ പ്രവാസി പരിചയപ്പെടുത്തൽ പരിപാടിയിൽ കേരളത്തിന്‍റെ പങ്കാളിത്തം മികച്ചതായിരുന്നുവെന്ന് സ്ഥാനപതി അറിയിച്ചു. ഇന്ത്യ-സൗദി അറേബ്യ ബന്ധം, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം, എംബസി ഇന്ത്യൻ സമൂഹത്തിന് നൽകിവരുന്ന സേവനങ്ങൾ എന്നിവയെക്കുറിച്ചും ചർച്ച ചെയ്തു.
കൂടിക്കാഴ്ചയിൽ ഡിസിഎം അബു മാത്തൻ ജോർജ്, കമ്മ്യൂണിററി വെൽഫെയർ ഓഫിസർ മോയിൻ അക്തർ, സെക്കന്‍റ് സെക്രട്ടറി ബി.എസ്. മീന, അറ്റാഷെ ഡെത്ത് ഡിവിഷൻ ജെസ്വിന്ദർ സിങ്, ജയിൽ ആന്‍റ് ഹൗസ് മെയ്ഡ് അറ്റാഷെ രാജീവ് സിക്കരി എന്നിവരും പങ്കെടുത്തു.മൈത്രി കരുനാഗപ്പളളി കൂട്ടായ്മയുടെ ‘കേരളീയം-2024’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.പി സംഘാടകരോടൊപ്പമാണ് സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡോ: പുനലൂർ സോമരാജൻ പത്തനാപുരം ഗാന്ധിഭവൻ, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പളളി, നിസാർ പള്ളിക്കശ്ശേരിൽ, മുഹമ്മദ് സാദിഖ് എന്നിരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
