✍️രാജൻ കോക്കൂരി

യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.
യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.
എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം ജീവിതത്തിന്റെ സമസ്ത മേഖലയിലും നിറഞ്ഞു നിന്ന പ്രിയ സുഹൃത്ത് മനോഹരൻ ഗുരുവായൂരിന്റെ യാത്ര പറച്ചിൽ വല്ലാത്ത ശൂന്യത സൃഷ്ടി ക്കുന്നു.

നാലു പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന് അടുത്ത സുഹൃത്തുക്കൾ, സംഘടനകൾ യാത്ര അയപ്പ് നൽകിഉപചാര വാക്കുകൾ പറയുമ്പോഴും തന്റെ മുമ്പിൽ വരുന്നവരുടെ വലിപ്പചെറുപ്പം നോക്കാതെ, പദവികൾ നോക്കാതെ ഓരേ മനസ്സോടെ എല്ലാവരെയും എതിരേറ്റു. എല്ലാവരുടെയും മനസ്സിൽ സ്നേഹം മാത്രം അവശേഷിപ്പിച്ചു നാട്ടിലേക്കു യാത്രയാവുമ്പോൾ എനിക്ക് അതൊരു വ്യക്തി പരമായ നഷ്ടം തന്നെയാണ്.
ഒമാനിലെ കലാ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം.
1985 ൽ മസ്കറ്റിൽ ഒരു കർപെന്ററി സ്ഥാപനത്തിൽ ഡ്രൈവറായി തുടങ്ങിയ പ്രവാസ ജീവിതം.
പിന്നീട് സ്വന്തമായി ഒരു കാർപെന്ററി സ്ഥാപനം ആരംഭിച്ചു.
മസ്കറ്റ് പഞ്ചവാദ്യ സംഗം, തീയേറ്റർ ഗ്രൂപ് മസ്കറ്റ് എന്നിവയുടെ സ്ഥാപകൻ, കൂടാതെ ഒമാന്റെ പല പ്രദേശങ്ങളിലുമുള്ള ചെറുതും വലുതുമായ കലാ സാംസ്കാരിക സംഘടകൾക്ക് നേതൃത്വം നൽകി,
40 വർഷങ്ങൾ പിന്നിടുമ്പോൾ,പ്രതിസന്ധികളിൽ തളരാതെ ഉറച്ച മനസ്സുമായി ജീവിതവിജയം നേടി തന്നെയാണ്, വിശ്രമ ജീവിതത്തിനായി ജന്മ നാട്ടിലേക്കു മടങ്ങുന്നത്.
എല്ലാ അർത്ഥത്തിലും മനുഷ്യ സ്നേഹിയായ കലാകാരൻ. അതായിരിക്കും അദ്ദേഹത്തിനു ചേരുന്ന വിശേഷണം.

അദ്ദേഹം എനിക്ക് ജേഷ്ഠ സഹോദരനെപ്പോലെ ആയിരുന്നു.അഭിമാനിക്കാനും ആഹ്ലാദിക്കാനും ഒരുപാട് ഓർമ്മകൾ സമ്മാനിച്ചാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.
സഹോദരാ, യാത്രമംഗളങ്ങൾ.










