ന്യൂഡൽഹി : പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നലത്തെ സംഘർഷത്തിന്റെ പശ്ചാതലത്തിൽ പാർലമെന്റ് മന്ദിരത്തിലെ ഒരു ഗേറ്റിലും പ്രതിഷേധം നടത്താൻ ഒരു എംപിയെയും അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർള കർശന നിർദേശം നൽകിയതായാണ് വിവരം.
പാർലമെന്റിനു പുറത്തെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ രാവിലെ പത്തരയ്ക്ക് ഇന്ത്യാ സഖ്യം എംപിമാരുടെ യോഗം ചേരും. അതിനു മുന്നോടിയായി കോണ്‍ഗ്രസ് എംപിമാര്‍ ചര്‍ച്ച നടത്തും. അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. രാഹുല്‍ ഗാന്ധിക്കെതിരെ വനിത എംപിയടക്കം നല്‍കിയ പരാതിയില്‍ നടപടികള്‍ ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.
ബിജെപി എംപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നടപടി. അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്‍റ് കവാടത്തില്‍ ഭരണപക്ഷ എംപിമാരും ഇന്ത്യാ സഖ്യം എംപിമാരും ഏറ്റുമുട്ടിയത്. രാവിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അംബേദ്കര്‍ പ്രതിമയ്ക്കു മുന്നില്‍നിന്ന് മാർച്ച് നടത്തിയിരുന്നു. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.











