ബാംഗ്ലൂർ :പ്രശ്സ്ത ചിത്രകാരനും എഴുത്തുകാരനുമായ പൊന്ന്യം ചന്ദ്രന് ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിഫ്ത് വാൾ ഡിസൈൻസ് ഏർപ്പെടുത്തിയ പ്രഥമ രവീന്ദ്രനാഥ് ടാഗോർ പുരസ്കാരം ലഭിച്ചു.
ഒരു ലക്ഷം രൂപയും ശിൽപ്പവും സാക്ഷിപത്രവും അടങ്ങുന്നതാണ് അവാർഡ്. അടുത്ത മാസം ബാംഗ്ലൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ചിത്ര കലയിലെ സാമൂഹ്യ ഇടപെടൽ പരിഗണിച്ചാണ് പുരസ്കാരത്തിനു പൊന്ന്യം ചന്ദ്രനെ തിരെഞ്ഞെടുത്തതെന്ന് ഫിഫ്ത് വാൾ ഡിസൈൻസ് പ്രതിനിധി ഷിന്റോ മാത്യു അറിയിച്ചു.
കഴിഞ്ഞ 40വർഷമായി ചിത്രകലയിൽ സജീവ സാന്നിധ്യമായ പൊന്ന്യം ചന്ദ്രൻ 32വർഷം കൂത്തുപറമ്പ് ഹൈ സ്കൂളിൽ ചിത്രകലാ അധ്യാപകനായിരുന്നു.
കേരള സർക്കാരിന്റെ മുണ്ടശ്ശേരി അവാർഡ്, ജെസീസ്, റൊട്ടറി, ലളിതകലാ അക്കാദമി, അദ്ധ്യാപക കലാവേദി അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. ഫ്രഞ്ച് സ്കോളർഷിപ്പ് നേടി ഫ്രാൻസിൽ ചിത്രകലയിൽ ഉപരി പഠനം നേടിയ ചന്ദ്രൻ ലോകത്തിലെ വിവിധ ഗാലറികളിൽ 31ഏകാംഗ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. 2005ൽ വെനെസ്വലയിൽ നടന്ന ലോക യുവജനോത്സവത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അംഗമായിരുന്നു. മൂന്നു വർഷം കേരള ലളിത കലാ അക്കാദമിയിൽ സെക്രട്ടറി യായും പ്രവർത്തിച്ചിട്ടുണ്ട്.
രണ്ടു നോവലുകളും ഒരു കഥാ സമാഹാരവും ഉൾപ്പെടെ 8പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സാഹിത്യപ്രവർത്തക സംഘം ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ചന്ദ്രൻ ഇപ്പോൾ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗമാണ്.
സാമൂഹ്യ പ്രശ്നങ്ങളിൽ കലാകാരന്മാരെ അണിനിരത്തികൊണ്ടുള്ള നിരവധി കലാ സംഗമങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.
വാട്ടർ കളറിലുള്ള പ്രകൃതി ദൃശ്യങ്ങളും മറ്റു സാമൂഹ്യ പ്രശ്നങ്ങളെ ആദരമാക്കിയുള്ള നിരവധി ആക്രലിക് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.