അബുദാബി : യുഎഇയിൽ ഞായറാഴ്ച ആരംഭിക്കുന്ന പൊതുമാപ്പിന് രാജ്യം സജ്ജമായി. അപേക്ഷകരെ സ്വീകരിക്കാൻ വിവിധ എമിറേറ്റുകളിൽ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, പോർട്സ് സെക്യൂരിറ്റി (ഐസിപി)വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8 മുതൽ രാത്രി 8 വരെ അപേക്ഷ സ്വീകരിക്കും. നിയമലംഘകർ എത്രയും വേഗം നടപടി പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ തിരിച്ചുവരാം. രേഖകൾ ശരിയാക്കി പുതിയ വീസയിലേക്ക് മാറാൻ അവസരമുണ്ട്. പിഴ കുടിശിക വിട്ടുനൽകുന്നതിനൊപ്പം പ്രവേശന വിലക്കുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
താമസ, സന്ദർശക വീസ കാലാവധി തീർന്നശേഷവും അനധികൃതമായി യുഎഇയിൽ തങ്ങിയവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം. രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാം. രേഖകൾ കാലഹരണപ്പെട്ടവർക്കും ഇല്ലാത്തവർക്കും പൊതുമാപ്പിന് അപേക്ഷിക്കാം. പൊതുമാപ്പ് അപേക്ഷയ്ക്ക് ഫീസ് ഈടാക്കില്ല. പൊതുമാപ്പിന് അപേക്ഷിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും ഐസിപി അഭ്യർഥിച്ചു. പൊതുമാപ്പ് തീർന്നാൽ നവംബർ ഒന്നുമുതൽ നിയമലംഘകർക്കായി പരിശോധന ശക്തമാക്കും. പിടിക്കപ്പെട്ടാൽ തടവും പിഴയും നാടുകടത്തലുമാകും ശിക്ഷ.
യുഎഇയിൽ വീസ കാലാവധി കഴിഞ്ഞ ശേഷം തങ്ങുന്നവർക്ക് ദിവസം ഒന്നിന് 50 ദിർഹമാണ് പിഴ. എത്ര ദിവസമാണ് അനധികൃതമായി താമസിച്ചത് അത്രയും തുകയാണ് ഈടാക്കാറുള്ളത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് ഇത് നൽകേണ്ടതില്ല. വീസ റദ്ദാക്കുകയോ കാലാവധി തീരുകയോ ചെയ്തവർ, രാജ്യത്ത് അനധികൃതമായി തങ്ങിയവർ, സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ, യുഎഇയിൽ ജനിച്ചവരും താമസ വീസയ്ക്ക് അപേക്ഷിക്കാത്തവരുമായ കുട്ടികൾ എന്നിവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം.











