കുവൈത്ത് സിറ്റി: പുതുവർഷത്തെ ഹാർദവമായി സ്വാഗതം ചെയ്ത് സ്വദേശികളും പ്രവാസികളും. വലിയ രൂപത്തിലുള്ള പൊതുആഘോഷപരിപാടികൾ രാജ്യത്ത് ഉണ്ടായില്ലെങ്കിലും പരസ്പരം ആശംസകൾ കൈമാറിയും പുതിയ തയാറെടുപ്പുകൾ നടത്തിയും ജനങ്ങൾ പുതുവർഷത്തെ വരവേറ്റു. പുതുവർഷത്തിന്റെ ഭാഗമായി ജനുവരി ഒന്ന്, രണ്ട് തിയതികളിൽ രാജ്യത്ത് അവധിയാണ്.
വെള്ളി, ശനി ദിവസങ്ങൾ രാജ്യത്ത് വാരാന്ത്യ അവധി ആയതിനാൽ ഞായറാഴ്ചയാണ് ഇനി പ്രവൃത്തിദിനം പുനഃരാരംഭിക്കുക. എന്നാൽ അടിയന്തിര സ്വഭാവമുള്ളതും പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കും. തുടർച്ചയായ നാലു ദിവസം അവധി ലഭിച്ചതോടെ ആഘോഷിക്കുന്ന തിരക്കിലാണ് ജനങ്ങൾ. അവധി ദിനങ്ങൾ കണക്കിലെടുത്ത് നാട്ടിലേക്കും ഉംറക്കും മക്ക, മദീന സന്ദർശനത്തിനും തിരിച്ചവർ ഏറെയാണ്. തൊട്ടടുത്ത രാജ്യങ്ങളിലേക്ക് സന്ദർശനത്തിന് തിരഞ്ഞെടുത്തവരും ഉണ്ട്.
