തിരുവന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും യുഡിഎഫ് ഭരണകാലം മുതല്‍ നല്‍കിവരുന്ന സൗജന്യ ഭക്ഷണ വിതരണം കോവിഡ് കാലത്ത് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇത് ക്രൂരമായ നടപടിയാണെന്നും പിണറായി സര്‍ക്കാരിന് വിശപ്പിന്റെ വിലയറിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വിശപ്പ് രഹിത നഗരം പദ്ധതി പ്രകാരം സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കിയിരുന്ന സൗജന്യ ഭക്ഷണ വിതരണ പരിപാടി ഒക്ടോബര്‍ 5 മുതല്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ വിശപ്പിന്റെ വിളി സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താരംഭിച്ച ഒട്ടുമിക്ക ജനക്ഷേമ പദ്ധതികളും ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചെന്നും കമ്മീഷനും ഇടനിലക്കാര്‍ക്കും ലാഭമുണ്ടാക്കാനുള്ള തട്ടിപ്പു പരിപാടികളിലാണ് ഇടതു സര്‍ക്കാര്‍ വ്യാപരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ആശുപത്രികളില്‍ സൗജന്യ ഭക്ഷണ വിതരണം പുന:രാരംഭിക്കുന്നതുവരെ സമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.