മസ്‌കത്ത് ∙ ഒമാനിൽ ഷോപ്പിങ് മാളുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകണമെന്ന് നിർദ്ദേശം
ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഷോപ്പിങ് മാളുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകണമെന്ന് നിർദ്ദേശിച്ചു. ചില വ്യാപാര സ്ഥാപനങ്ങൾ ഇത്തരം ബാഗുകൾക്ക് പണം ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം ഇടപെടിയത്.
സൗജന്യ ബാഗ് നൽകുന്നത് ഉപഭോക്താക്കൾക്ക് നൽകേണ്ട അടിസ്ഥാന സേവനത്തിന്റെ ഭാഗമാണെന്നും അതിനെ മാറ്റിസ്ഥാപിച്ചിട്ടില്ലെന്നും നീക്കം ചെയ്തിട്ടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ഇതിനായി വ്യാപാര സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിച്ചിരിക്കുകയാണ്. ജൂലൈ ഒന്നുമുതൽ നിയമത്തിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പഴം, പച്ചക്കറി കടകൾ, പാക്കേജിങ് യൂണിറ്റുകൾ, പലചരക്ക് കടകൾ, മിഠായി ഫാക്ടറികൾ, മധുരപലഹാരങ്ങൾ, ഗിഫ്റ്റ് ഷോപ്പുകൾ, ബേക്കറികൾ, ബ്രെഡ്-പേസ്റ്റ്രി ഔട്ട്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുന്ന വ്യാപാരസ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു.
ഇവിടങ്ങളിൽ പരിസ്ഥിതി സൗഹൃദമായ തുണി ബാഗുകളിലേക്കും പേപ്പർ ബാഗുകളിലേക്കും മാറേണ്ടതാണ്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുതിയ നിയമം ബാധകമാണ്. നിയമം ലംഘിക്കുന്നവർക്ക് 50 റിയാലിൽ നിന്ന് 1,000 റിയാൽ വരെ പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
2027 ജൂലൈ ഒന്നോടെ ഒമാൻ മുഴുവനായി പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ ഒഴിവാക്കുന്ന രാജ്യമാകും. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നത് ഗുരുതരമായ കുറ്റമായിരിക്കും. ഇത്തരം സംഭവങ്ങളിൽ 1,000 റിയാൽ വരെ പിഴ നൽകേണ്ടതാകും, കൂടാതെ പിഴയും നടപടികളും കർശനമാകും.