കൊൽക്കത്ത വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതി സഞ്ജയ് റോയ് നിരപരാധിയാണെന്നു നുണപരിശോധനയിൽ ആവർത്തിച്ചെന്നു റിപ്പോർട്ട്. എന്നാൽ സൈക്കോ അനാലിസിസ് പരിശോധനയിൽ സഞ്ജയ് റോയ് “തെറ്റായതും വിശ്വസിക്കാൻ കഴിയാത്തതുമായ” ഉത്തരങ്ങളാണു നൽകിയതെന്ന് റിപ്പോർട്ട് ചെയ്തു. കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിൽ ഞായറാഴ്ചയായിരുന്നു ഇയാൾ നുണപരിശോധനയ്ക്കു വിധേയനായത്. നിരപരാധിയാണെന്ന് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അതു സ്ഥിരീകരിക്കാൻ വിശ്വാസയോഗ്യമായ മറുപടികളല്ല ഇയാൾ നൽകിയതെന്നാണു റിപ്പോർട്ട്.
സെമിനാർ ഹാളിൽ യുവതിയെ കണ്ടപ്പോൾത്തന്നെ അവർ മരിച്ചിരുന്നുവെന്നും അതിന്റെ ഭീതിയിൽ സ്ഥലത്തുനിന്ന് ഓടിപ്പോകുകയായിരുന്നു എന്നുമാണ് സഞ്ജയ് റോയിയുടെ അവകാശവാദം. രണ്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ “അക്ഷോഭ്യനായും ഉത്കണ്ഠാകുലനായുമാണ് സഞ്ജയ് കാണപ്പെട്ടതെന്നാണു വിവരം. വിവിധ തെളിവുകളുമായാണു സിബിഐ ഉദ്യോഗസ്ഥർ സഞ്ജയോടു ചോദ്യങ്ങൾ ചോദിച്ചത്. എന്നാൽ ഓരോന്നിനും ഓരോ ഒഴിവുകഴിവുകളാണ് അയാൾ പറഞ്ഞത്.
പെൺകുട്ടിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതിന്റെ പിറ്റേന്ന് ഓഗസ്റ്റ് 10നാണു സഞ്ജയ് റോയ് അറസ്റ്റിലാകുന്നത്. പിന്നാലെ കുറ്റം സമ്മതിച്ചെങ്കിലും പിന്നീടു മാറ്റിപ്പറഞ്ഞു. ബലാത്സംഗത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഒന്നും അറിയില്ലെന്നാണ് ഇയാൾ ജയിലിലെ ഗാർഡുമാരോടും പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയപ്പോഴും ഇതേ നിലപാടായിരുന്നു സഞ്ജയ്ക്ക്.
എന്നാൽ മുഖത്തേറ്റ പരുക്കിനെക്കുറിച്ചും കുറ്റകൃത്യം നടന്ന സമയത്ത് ആ കെട്ടിടത്തിൽ വന്നതിനെക്കുറിച്ചും വ്യക്തമായ ഉത്തരം നൽകാൻ സഞ്ജയ്ക്ക് കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച് ഓഗസ്റ്റ് 9നു പുലർച്ചെ 4.03നാണു സഞ്ജയ് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് എത്തിയത്. മാത്രമല്ല, ഇയാളുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റും ഇവിടെനിന്നു കണ്ടെത്തിയിരുന്നു. “അശ്ലീല ചിത്രങ്ങൾക്കു ഗുരുതരമായി അടിമപ്പെട്ട,ലൈംഗിക വൈകൃതമുള്ളയാളാണ്” സഞ്ജയ് റോയ് എന്നാണ് സൈക്കോഅനലിറ്റിക് പ്രൊഫൈലിങ് വ്യക്തമാക്കുന്നതെന്നും മൃഗങ്ങൾക്കു സമാനമായ വാസന കാണിക്കുന്നയാളാണ് എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.