ദുബായ് : സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക മേഖലയിൽ ഫ്രാൻസും യുഎഇയും കൈകോർക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഊർജം, സാങ്കേതികവിദ്യ, നിർമിത ബുദ്ധി എന്നീ മേഖലയിൽ സഹകരണം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നഹ്യാന്റെ ഫ്രാൻസ് സന്ദർശനത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.
ലോകത്തിന്റെ പുരോഗതിക്കായുള്ള നിർമിത ബുദ്ധിയുടെ ഉപയോഗത്തിൽ ഉത്തരവാദിത്തപരമായ സമീപനം സ്വീകരിക്കുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. നിർമിത ബുദ്ധി മേഖലയിൽ സഹകരണം മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും ഉഭയകക്ഷി കരാറിലും ഒപ്പുവച്ചു.
