കോവിഡ് മൂലം നിര്‍മാണം മന്ദഗതിയിലായിരുന്നു. നിര്‍മാണം വീണ്ടും ത്വരിതഗതിയിലായെന്ന് സ്വാമി ബ്രഹ്‌മവിഹാരി ദാസ്
അബുദാബി : സ്വാമി നാരായണ്‍ ട്രസ്റ്റ് നിര്‍മിക്കുന്ന അബുദാബിയിലെ ക്ഷേത്രത്തിന്റെ നിര്‍മാണം 2024 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യ പൂജാരി സ്വാമി ബ്രഹ്‌മവിഹാരി ദാസ് അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഗര്‍ഭ ഗൃഹത്തിന്റെ ശിലാന്യാസ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സ്വാമി അക്ഷയമുനിദാസ്, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സന്‍ജയ് സുധീര്‍ തുടങ്ങി 500 അതിഥികള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പ്രധാന പ്രതിഷ്ഠ സ്ഥാപിക്കുന്ന ഗര്‍ഭ ഗൃഹത്തിന്റെ ശിലാന്യാസ ചടങ്ങുകളാണ് നടന്നത്. ക്ഷേത്രത്തിന്റെ ഒന്നാം നിലയിലെ ഗര്‍ഭ ഗൃഹത്തിന്റെ ആദ്യശിലയാണ് മഹാപീഠ് എന്ന് വിശേഷിപ്പിക്കുന്ന ചടങ്ങോടെ നടന്നത്.
ക്ഷേത്രത്തിന്റെ രണ്ടാം ഘട്ടമാണ് ഇതോടെ ആരംഭിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്റേയും പങ്കാളിത്ത വീക്ഷണത്തിന്റെ പ്രതീകമാണ് ഈ ക്ഷേത്രമെന്ന് അംബാസിഡര്‍ ട്വിറ്ററില്‍ കുറിച്ചു.
ക്ഷേത്രത്തിന് ഭൂമി അനുവദിക്കുന്നതിലൂടെ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് പ്രകടിപ്പിച്ച ഉദാര മനസ്‌കത കൃതജ്ഞതപൂര്‍വം സ്മരിക്കുന്നുവെന്നും അംബാസഡര്‍ പറഞ്ഞു.












