തിരുവനന്തപുരം : നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍ എംപിമാർ തുടങ്ങിയവര്‍ ചേര്‍ന്നു വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. നാളെയാണ് സത്യപ്രതിജ്ഞ. രാവിലെ 10.30നു രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ ഗവര്‍ണര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇടതു സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തിലേറെ സംഭവബഹുലമായ കാലാവധിക്കു ശേഷം ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ പിന്‍ഗാമിയായാണ് അര്‍ലേക്കര്‍ കേരളത്തിലേക്ക് എത്തുന്നത്. സര്‍വകലാശാല വിഷയത്തില്‍ ഉള്‍പ്പെടെ പുതിയ ഗവര്‍ണര്‍ എന്തു നിലപാട് സ്വീകരിക്കും എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ജനുവരി 17 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ തീരുമാനിക്കുകയും ചെയ്തു. കെ.എ.ന്‍ ബാലഗോപാല്‍, കെ.രാജന്‍, റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍.
