നീപെഡോ : മ്യാൻമറിൽ വീണ്ടും ഭൂചലനം. അർധരാത്രിയില്‍ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മ്യാന്‍മറിനേയും അയല്‍രാജ്യമായ തായ്‌ലന്‍ഡിനേയും പിടിച്ചുകുലുക്കിയ വന്‍ ഭൂകമ്പമുണ്ടായിരുന്നു. മ്യാന്‍മറില്‍ പ്രാദേശിക സമയം 12.50 ഓടെയാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 144 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 732 പേര്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടാവുകയായിരുന്നു. പിന്നാലെയാണ് 4.2 തീവ്രതയോടെ അർധരാത്രിയിൽ അടുത്ത ഭൂചലനമുണ്ടായത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്‌ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ മ്യാന്‍മറില്‍ നിരവധി കെട്ടിടങ്ങളും ആശുപത്രികളും തകര്‍ന്നുവീണു. മണ്ടാലെ നഗരത്തില്‍ ഒരു പള്ളി തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.











