ദുബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ ലക്ഷ്വറി റിയൽ എസ്റ്റേറ്റ് കമ്പനിയായ ഹൈലൈറ്റ് റിയാലിറ്റി ദുബൈയിലെ വിപണിയിലേക്കുള്ള വിജയകരമായ പ്രവേശനം ആഘോഷിച്ചു. ബൂർജ് ഖലീഫ അർമാനി ഹോട്ടലിൽ നടന്ന ‘ഹൈലൈറ്റ് ഫാമിലി മീറ്റ്’ പരിപാടിയിൽ നിക്ഷേപകർ, ഗുണഭോക്താക്കൾ, ഹൈലൈറ്റ് ഗ്രൂപ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരടങ്ങുന്ന 600 ലധികം ആളുകളാണ് പങ്കെടുത്തത്.
റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനുള്ള ഒരു ആഗോളകേന്ദ്രമായി ദുബൈ വളർന്നിരിക്കുന്നതായി ഗ്രൂപ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളുടെയും താൽപര്യങ്ങളുടെയും പ്രതിഫലനമാണ് ഈ രാജ്യം. ഇവിടെയും വിജയകരമായ ഒരു മുന്നേറ്റത്തിന് ഹൈലൈറ്റ് ഗ്രൂപ്പിന് കഴിഞ്ഞു. ആ സന്തോഷമാണ് ഈ ഫാമിലി മീറ്റിലൂടെ ഞങ്ങൾ പ്രകടമാക്കുന്നത്.
സുസ്ഥിരവും ആഢംബര പൂർണവുമായ ജീവിത ഇടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ ലക്ഷ്യമാണ് ഇവിടെ സാധ്യമാകുന്നത്. നൂതന രൂപകൽപന, അത്യാധുനിക സാങ്കേതികവിദ്യ, ലോകോത്തര സൗകര്യങ്ങൾ എന്നിവയിൽ കമ്പനി നൽകുന്ന ശ്രദ്ധ ആഗോള ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകളുമായി പൂർണമായി യോജിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ ചടങ്ങെന്നും അദ്ദേഹം പറഞ്ഞു.
ഹൈലൈറ്റ് റിയാലിറ്റിയുടെ ഓഫിസ് ബൂർജ് ഖലീഫയിലാണ് പ്രവർത്തനം തുടരുന്നത്. 1996ൽ സ്ഥാപിതമായ ഹൈലൈറ്റ് ഗ്രൂപ് ദക്ഷിണേന്ത്യയിലെതന്നെ പ്രമുഖ കെട്ടിട നിർമാണ ഗ്രൂപ്പാണ്. റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ഇന്റീരിയർ ഡിസൈൻ, ആരോഗ്യം, വിനോദം, ബിസിനസ് പാർക്കുകൾ, എഫ് ആൻഡ് ബി എന്നിവ ഹൈലൈറ്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളുന്നു.
