ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലിലും ഉയരം കൂടിയ കെട്ടിടത്തിലും സന്ദര്‍ശനവും ഒരുക്കി
ദുബായ് : ലോക തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് ആഡംബര വാഹനത്തില്‍ നഗരം ചുറ്റി സഞ്ചാരവും അഡംബര ഹോട്ടല്‍ സന്ദര്‍ശനവും താമസവും ഒരുക്കി കമ്പനി ഉടമ.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിംഗ് എന്ന കമ്പനിയാണ് തങ്ങളുടെ തൊഴിലാളികള്‍ക്ക് ലോക തൊഴിലാളി ദിനത്തില്‍ റോള്‍സ് റോയിസിന്റെ ആഡംബര കാറിലും ലിമോസിനുകളിലും സഞ്ചാരം ഒരുക്കിയത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാനും പഞ്ച നക്ഷത്ര ഹോട്ടലായ ബുര്‍ജ് അല്‍ അറബില്‍ താമസിക്കാനും സൗകര്യം ഒരുക്കി വേള്‍ഡ് സ്റ്റാര്‍ മാനേജ് മെന്റ് തൊഴിലാളികളെ അമ്പരപ്പിച്ചത്. 
തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന ഏഴായിരത്തോളം തൊഴിലാളികളില്‍ നിന്ന് ജോലിയില്‍ മികവു കാട്ടി എംപ്ലോയി എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ച എട്ടു പേര്‍ക്കാണ് ഈ സൗഭാഗ്യം നല്‍കിയതെന്ന് വേള്‍ഡ് സ്റ്റാര്‍ വക്താവ് പറയുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ബംഗ്ലാദേശ് സ്വദേശികളായ മുഹമദിന്റേയും അബ്ദുള്‍ ബാഷറിനും സ്വപ്‌ന സാഫല്യമായിരുന്നു ബുര്‍ജ് ഖലീഫ സന്ദര്‍ശനം.
തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന നയമാണ് വേള്‍ഡ് സ്റ്റാറിന്റേത്. കണ്ണൂര്‍ സ്വദേശി നിഷാദ് ഹുസൈനാണ് കമ്പനിയുടെ ചെയര്‍മാന്‍ ഭാര്യ ഹസീന നിഷാദാണ് എംഡി.












