നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷാജോലിക്കായി കേന്ദ്രസേന, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെ കൂടാതെ നാല്‍പ്പത്തിയാറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് വേണ്ടിവരിക. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലും ആകെ പോളിങ് ബൂത്തുകളുടെ എണ്ണം നാല്‍പ്പതിനായിരമായി വര്‍ദ്ധിപ്പിച്ചതിനാലും തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കാന്‍ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ഹൈക്കോടതി ജഡ്ജിമാര്‍, സുരക്ഷാഭീഷണി നേരിടുന്നതായി ഇന്‍റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് ഒഴികെ പോലീസില്‍ നിന്ന് നല്‍കിയിരിക്കുന്ന സെക്യൂരിറ്റി ഓഫീസര്‍മാര്‍, ഗാര്‍ഡുമാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെ താല്‍കാലികമായി പിന്‍വലിച്ച് ഏപ്രില്‍ രണ്ടു മുതല്‍ ഏഴ് വരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കാന്‍ ഇലക്ഷന്‍ കമ്മീഷനും സംസ്ഥാന സര്‍ക്കാറും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മേല്‍വിവരിച്ച ഇത്തരം സെക്യൂരിറ്റി ചുമതലയിലും ജോലീക്രമീകരണ വ്യവസ്ഥയിലും ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കാന്‍ വേണ്ടി പിന്‍വലിക്കുന്നതാണ്. മനഃപൂര്‍വ്വം തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരെ വിടുതല്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന ഓഫീസര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
നിസാരരോഗങ്ങള്‍ക്ക് മെഡിക്കല്‍ ലീവിലുള്ളവരേയും ഇലക്ഷന്‍ ജോലിക്ക് നിയോഗിക്കുന്നതാണ്. ഇത്തരക്കാര്‍ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.