തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റർ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇൻഡക്‌സ് കേസ് കന്യാകുമാരി ഹാർബറിൽ നിന്നും മത്സ്യം എടുത്ത് കുമരിചന്തയിൽ വിൽപ്പന നടത്തിയ മത്സ്യവ്യാപാരിയാണ്.
ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർ, വീടുകളിൽ മത്സ്യം കച്ചവടം നടത്തുന്നവർ, ചുമട്ടുതൊഴിലാളികൾ, ലോറി ഡ്രൈവർമാർ തുടങ്ങിയവരിൽ അടുത്തിടപഴകിയ 13 പേർക്കാണ് രോഗവ്യാപനം ആദ്യമുണ്ടായത്. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സഹകരണമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ തുടങ്ങിയവർ അടിയന്തര യോഗം ചേരുകയും തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.
സർക്കാർ സംവിധാനങ്ങൾ വഴിയുള്ള ബോധവൽക്കരണത്തിനു പുറമെ സാമൂഹ്യ സേവന തൽപ്പരരായ 2000 വളന്റിയർമാരുടെ സഹായത്തോടെ പള്ളി വികാരിയുടെ നേതൃത്വത്തിൽ ബിറ്റ് നോട്ടീസ് വിതരണം, പോസ്റ്ററുകൾ പതിക്കലും ആരംഭിച്ചു. പൂന്തുറ ബസ് സ്റ്റോപ്പ്, ചെറിയാമുട്ടം ജങ്ഷൻ, ഫിഡൽ സെന്റർ എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചു.
ലോകാരോഗ്യ സംഘടയുടെ പഠനത്തിൽ ഏറ്റവും മെച്ചപ്പെട്ട ആന്റിജൻ ടെസ്റ്റ് തന്നെയാണ് ഈ മേഖലയിൽ നടത്തുന്നത്. ഇതുവരെ തിരുവനന്തപുരത്തെ പ്രശ്‌നബാധിതമായ മൂന്നു വാർഡികളിൽ നിന്നു മാത്രം 1192 ആന്റിജൻ ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. അതിൽ 243 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
പാലിയേറ്റീവ് രോഗികളെ ഈ രോഗവ്യാപനത്തിൽ നിന്നും രക്ഷിക്കുവാൻ ‘പരിരക്ഷ’ എന്ന പേരിൽ റിവേഴ്‌സ് ക്വാറന്റൈൻ ആക്ഷൻ പ്ലാനും നടപ്പാക്കുന്നുണ്ട്. കണ്ടൈൻമെന്റ് സോണിൽ ആകെയുള്ള 31,985 ജനങ്ങളിൽ 184 പാലീയേറ്റീവ് രോഗികളാണുള്ളത്. ഇവരെ നിരീക്ഷിക്കുവാൻ ട്രെയിനിങ് ലഭിച്ച പാലിയേറ്റീവ് സ്റ്റാഫുകളെ ചുമതലപ്പെടുത്തി.
ഇങ്ങനെ പഴുതടച്ച രോഗപ്രതിരോധ മാർഗങ്ങൾ നടപ്പാക്കുമ്പോഴാണ് തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമുണ്ടാകുന്നതെന്ന് ഇന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.