കുവൈത്ത് സിറ്റി: ഡിജിറ്റൽ പരിവർത്തനം ലക്ഷ്യമിട്ട് കുവൈത്ത് ധനമന്ത്രാലയം മൈക്രോസോഫ്റ്റുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. കുവൈത്ത് ഫിനാൻസ് അണ്ടർസെക്രട്ടറി അസീൽ അൽ മെനിഫിയും മൈക്രോസോഫ്റ്റിന്റെ പൊതുമേഖല വൈസ് പ്രസിഡന്റ് ആഞ്ചല ഹെയ്സും ചേർന്ന് ധാരണപത്രം ഒപ്പുവെച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി. മൈക്രോസോഫ്റ്റ് ബിസിനസ് സ്ട്രാറ്റജീസ് ഡയറക്ടറുമായും മെനിഫി കൂടിക്കാഴ്ച നടത്തി.
സാമ്പത്തിക സംവിധാനങ്ങളും സേവനങ്ങളും നവീകരിക്കുന്നതിനും ആഗോള സാങ്കേതിക വിദ്യകൾ, എ.ഐ, ക്ലൗഡ് സേവനങ്ങൾ എന്നിവയിലൂടെ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള ടൈംലൈൻ രൂപരേഖ തയാറാക്കാനാണ് കരാർ വഴി ലക്ഷ്യമിടുന്നത്. സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും സേവനങ്ങൾ മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മൈക്രോസോഫ്റ്റ് സാങ്കേതിക പിന്തുണ നൽകും. പദ്ധതി പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ധനമന്ത്രാലയം ടീമും മൈക്രോസോഫ്റ്റും തമ്മിൽ സംയുക്ത ശിൽപശാലകൾ നടത്തുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.











