റിയാദ് : ഗാസയുടെ നിയന്ത്രണം യുഎസിനു നൽകാനും അവിടത്തെ ജനങ്ങളെ പുറത്താക്കാനുമുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് നേതാക്കൾ. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാനായി അറബ് നേതാക്കൾ ഇന്ന് സൗദി അറേബ്യയിൽ യോഗം ചേരും.ട്രംപിന്റെ ഗാസ പദ്ധതിക്കെതിരായ പ്രതിഷേധം അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ചെങ്കിലും യുദ്ധത്തിൽ തകർന്ന പലസ്തീൻ പ്രദേശം ആരു ഭരിക്കണം, പുനർനിർമാണത്തിന് എങ്ങനെ ധനസഹായം നൽകണം എന്നതിനെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. പലസ്തീൻ പ്രശ്നപരിഹാരത്തിന് ഏറ്റവും നിർണായകമായ ഉച്ചകോടിയാണ് ഇന്നു നടക്കുന്നതെന്ന് സൗദി വിദേശനയ വിദഗ്ധനായ ഉമർ കരീം പറഞ്ഞു.
ഗാസ ഏറ്റെടുക്കാനും അവിടത്തെ 24 ലക്ഷം ജനങ്ങളെ അയൽരാജ്യങ്ങളായ ഈജിപ്തിലേക്കും ജോർദാനിലേക്കും മാറ്റിപ്പാർപ്പിക്കാനുമാണ് യുഎസ് പ്രസിഡന്റ് നിർദേശിച്ചത്. ഇതിനെതിരെ ആഗോളതലത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ട്രംപിന്റെ ഗാസ പദ്ധതിക്കു വിരുദ്ധമായ ഒരു പുനർനിർമാണ പദ്ധതി അറബ് നേതാക്കൾ ചർച്ച ചെയ്യുമെന്ന് സൗദി സർക്കാരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ എഎഫ്‌പിയോട് പറഞ്ഞു.ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങൾക്കൊപ്പം ഈജിപ്തും ജോർദാനും റിയാദ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. റിയാദിൽ ഇന്നു നടക്കുന്ന അനൗദ്യോഗിക യോഗത്തിലെ തീരുമാനങ്ങൾ മാർച്ച് 4ന് ഈജിപ്തിൽ നടക്കുന്ന അടിയന്തര അറബ് ലീഗ് ഉച്ചകോടിയുടെ അജണ്ടയിൽ ഉൾപ്പെടുത്തും.
