ജുബൈൽ: മലയാളിയായ ഡോ. നിഷ മധു ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു. വിദ്യാഭ്യാസ മേഖലയിലെ സമൃദ്ധമായ പരിചയസമ്പത്തും വൈദഗ്ധ്യവും ഉള്ള ഡോ. നിഷ, മുമ്പ് ഇറാം അക്കാദമി ഓഫ് സ്‌പോർട്‌സ് ആൻഡ് എക്‌സലൻസിന്റെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ്. പാലക്കാട് സ്വദേശിനിയായ ഡോ. നിഷ, പശ്ചിമബംഗാളിൽ നിന്നുള്ള വിരമിച്ച ആർ.കെ. ആലംഗീർ ഇസ്ലാമിന്റെ സ്ഥാനത്താണ് ചുമതലയേറ്റത്.
ബോട്ടണിയിൽ ബിരുദാനന്തര ബിരുദവും, വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റും, എം.എഡ്, എം.ബി.എ (ഹ്യൂമൺ റിസോഴ്സ് മാനേജ്‌മെന്റ്), സൈക്കോളജി ആൻഡ് കൗൺസിലിംഗിൽ ഡിപ്ലോമ എന്നിവയുൾപ്പെടെ വിവിധ യോഗ്യതകളാണ് ഡോ. നിഷയ്ക്ക്. മിഡിൽ ഈസ്റ്റിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ത്യയിലെ സ്‌കൂളുകളിലും ആകെ 15 വർഷത്തോളം വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനാനുഭവം ഇവർക്ക് ഉണ്ട്.
2023-ൽ തമിഴ്‌നാട് സർക്കാർ നൽകി അകാദമിക് എക്‌സലൻസ് അവാർഡും, 2025-ലെ ഗ്ലോബൽ ഫൗണ്ടേഷൻ നൽകുന്ന ‘ടോപ് 50 വിമൻ ഐക്കൺ – ബെസ്റ്റ് പ്രിൻസിപ്പൽ’ അവാർഡും ഡോ. നിഷക്ക് ലഭിച്ചിട്ടുണ്ട്. കലാരംഗത്തും ഡോ. നിഷയ്ക്ക് തന്റേതായ കഴിവുകളുണ്ട് –DIST കലോത്സവത്തിൽ കലാതിലകയായതും, സംഗീതം, നൃത്തം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചതുമാണ് അതിന്റെ തെളിവ്.
ജുബൈലിലെ ഇന്ത്യൻ സ്‌കൂൾ രംഗത്ത് ഡോ. നിഷയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ നിലവാരവും പ്രവർത്തനക്ഷമതയും ഉയരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.