ഒരാഴ്ചയ്ക്കുള്ളില്‍ ഒമാനില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യുഎഇയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് അറുപതു ദിവസം.
അബുദാബി : കോവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയില്ലാതെയാണ് പോയ വാരം അവസാനിച്ചത്.
ഒമാനില്‍ ഏപ്രില്‍ 29 മുതല്‍ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏപ്രില്‍ 27 ന് 14 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാര്‍ച്ച് പതിനെട്ടിനു ശേഷം കോവിഡ് കേസുകളില്‍ വലിയ ഇടിവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈദ് പെരുന്നാളിനോട് അനുബന്ധിച്ച് നിരവധി പേര്‍ പൊതുയിടങ്ങളില്‍ കൂട്ടത്തോടെ എത്തിയെങ്കിലും പുതിയ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യുഇഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 198 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 279 പേര്‍ പൂര്‍ണമായും രോഗമുക്തി നേടി.
കഴിഞ്ഞ 60 ദിവസമായി കോവിഡ് ബാധിച്ച ചികിത്സയിലുണ്ടായിരുന്ന ആരും മരിച്ചിട്ടില്ലെന്ന സവിശേഷതയുമുണ്ട്.
യുഎഇ രോഗ പ്രതിരോധത്തിലും മറ്റ് നിയന്ത്രണങ്ങളിലും വരുത്തിയ കണിശതയും കാര്‍ക്കശ്യതയുമാണ് ഇതിനു കാരണമെന്ന് ആരോഗ്യ രംഗത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതുവരെ 8,99,835 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗമുക്തി നേടിയവര്‍ 8,83,740 .നിലവില്‍ ആക്ടീവ് കോവിഡ് ബാധയുള്ളവരുടെ എണ്ണം 13,793 ആണ്. ആകെ മരണം 2,302.
2021 ഡിസംബറിനു ശേഷം ഇതാദ്യമായാണ് പുതിയ കോവിഡ് കേസുകളുടെ എണ്ണം 200 ല്‍ താഴെയെത്തിയത്.
അതേസമയം, ഖത്തറില്‍ പുതിയതായി 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേര്‍ക്ക് രോഗമുക്തി. നിലവില്‍ 555 പേരാണ് ആക്ടീവ് കോവിഡ് രോഗികള്‍. ഇവരില്‍ 26 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതുവരെ സ്ഥിരീകരിച്ച മരണം 677.
സൗദി അറേബ്യയില്‍ മാര്‍ച്ച് 20 നു ശേഷം കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഫെബ്രുവരിയില്‍ ആയിരം പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നയിടത്ത് ഇപ്പോള്‍ ശരാശരി 150 ല്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടായതിനു ശേഷം നടന്ന ഈദ് ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടായിരുന്നുവെങ്കിലും മാനദണ്ഡങ്ങള്‍ സ്വയം പാലിച്ചാണ് പലരും ചടങ്ങുകളിലും പരിപാടികളിലും പങ്കെടുത്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 159 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കുവൈത്തില്‍ ഏപ്രില്‍ 27 നു ശേഷം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോയ വാരത്തിലെ ശരാശരി കോവിഡ് കേസുകള്‍ 48 ആണ്. 2022 ജനുവരിയില്‍ ശരാശരി ആറായിരത്തിനടുത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പിന്നീട് കുറഞ്ഞു വരുകയായിരുന്നു.
ബഹ്‌റൈനിലും കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. കഴിഞ്ഞയാഴ്ചത്തെ ശരാശരി കോവിഡ് കേസുകള്‍ 400 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 602 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.
2022 ജനുവരി -ഫെബ്രുവരി മാസങ്ങളില്‍ ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തത് ഏഴായിരത്തിനടുത്ത് പുതിയ കോവിഡ് കേസുകളായിരുന്നു.