മനാമ : ഗൾഫിലെ കടുത്ത ചൂടിലാണ് പലപ്പോഴും റമസാൻ മാസമെത്തുന്നത്. ഇത്തവണ പക്ഷേ വിശ്വാസികൾക്ക് അധികം വേനൽചൂടില്ലാതെ നോമ്പെടുക്കാം. ബഹ്‌റൈനിൽ മാർച്ചിൽ മിതമായ കാലാവസ്‌ഥയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. മാർച്ച് 1 മുതൽ 30 വരെ 20 നും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും പകൽ താപനില എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വ്രതം എടുക്കുന്നവർക്കും കുട്ടികൾക്കും മാത്രമല്ല ഭക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അനുകൂല കാലാവസ്‌ഥയായിരിക്കുമിത്.
റമസാൻ നാളുകളിൽ കൂടുതൽ ഭക്ഷണം കരുതിവെക്കുന്ന വീട്ടമ്മമാർക്കും ഭക്ഷണ ശാലകൾക്കും മികച്ച കാലാവസ്‌ഥ ഗുണകരമാകും. ഭക്ഷണ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗത്തിനും വ്രതനാളുകളിൽ വേനൽ ചൂട് കനക്കില്ലെന്നത് ആശ്വാസമാണ്. നൂറുകണക്കിന് സംഘടനകളുടെ ഇഫ്താർ സംഗമങ്ങൾ,ഖബ്ഗകൾ തുടങ്ങി റമസാൻ മാസത്തിലെ ആത്മീയ ഒത്തു കൂടലുകൾക്കും മിതമായ കാലാവസ്‌ഥ വലിയ അനുഗ്രഹമാകും.
ചന്ദ്രനെ അടിസ്‌ഥാനമാക്കിയുള്ള ഇസ്ലാമിക് കലണ്ടർ പ്രകാരം ഓരോ വർഷത്തിലും പത്തോ പന്ത്രണ്ടോ ദിവസങ്ങൾ ഗ്രിഗോറിയൻ കലണ്ടറുമായുള്ള വ്യത്യാസം ഉള്ളത് കൊണ്ട് തന്നെ റമസാൻ മാസവും ഓരോ വർഷവും വ്യത്യാസപ്പെടുന്നുണ്ട്. ഗൾഫ് നാടുകളിലെ വിശ്വാസികൾക്ക് ഇത്തവണ അധികം വേനൽചൂടില്ലാത്ത കാലാവസ്ഥയിൽ തന്നെ വ്രതമെടുക്കാമെന്ന് ആശ്വസിക്കുമ്പോൾ കേരളത്തിൽ അടക്കമുള്ള ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇപ്പോൾ തന്നെ കടുത്ത ചൂട് ആരംഭിച്ചു കഴിഞ്ഞു.