ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഗുരുതര വീഴ്ച. നവജാത ശിശുക്കളുടെ ഐസിയുവില്‍ 18 ശിശുക്കള്‍ക്ക് മാത്രമാണ് സൗകര്യമുള്ളത്. എന്നാല്‍ തീപിടിക്കുമ്പോള്‍ ഐസിയുവില്‍ ഉണ്ടായിരുന്നത് 49 ശിശുക്കളായിരുന്നുവെന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
ആശുപത്രിയില്‍ അഗ്നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഇതാണ് അപകടത്തിന്റെ ആഴം വര്‍ധിപ്പിച്ചത്. ഇതിന് പുറമേ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ കുഞ്ഞുങ്ങളെ പരിചരിക്കാന്‍ മാത്രം നഴ്‌സുമാരും ഉണ്ടായിരുന്നില്ലെന്നും കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിക്ക് പുറത്ത് കാത്തുനില്‍ക്കുന്ന ബന്ധുക്കള്‍ക്ക് കൃത്യമായ വിവരം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. പലരും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.
ആശുപത്രിയില്‍ ഇന്നലെ രാത്രി പത്തരയോടെയുണ്ടായ തീപിടിത്തത്തില്‍ പത്ത് കുഞ്ഞുങ്ങളാണ് വെന്തുമരിച്ചത്. ഇതില്‍ മൂന്ന് പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പതിനാറ് കുഞ്ഞുങ്ങള്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രിയിലെ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീ പിടിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂഡീഷ്യല്‍ അന്വേഷണം, പൊലീസ്-ഫയര്‍ഫോഴ്‌സ് അന്വേഷണം, ജില്ലാ കളക്ടറുടെ അന്വേഷണം എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളക്ടറുടെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിട്ടുണ്ട്.