മസ്കത്ത്: ഗൾഫ് കപ്പ് ട്വന്റി20 ടൂർണമെന്റിൽ ഒമാന് വിജയത്തുടക്കം. ദുബൈ ഐ.സി.സി അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഖത്തറിനെ ഒമാന് 35 റൺസിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തറിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസിന് അവസാനിക്കുകയായിരുന്നു.
ഖത്തറിനുവേണ്ടി 28 ബാളിൽ 63 റൺസടിച്ച് മുഹമ്മദ് ആസിം പ്രതീക്ഷ നൽകിയെങ്കിലും ഫലം കണ്ടില്ല. മൂന്ന് വിക്കറ്റെടുത്ത അമീർ ഖലീം ആണ് ഖത്തറിന്റെ ചിറക് അരിഞ്ഞത്. വസിം അലി രണ്ട് വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ ജതീന്ദർ സിങ്ങിന്റെ മികച്ച ഇന്നിങ്സാണ് ഒമാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
ക്രീസിൽ നിലയുറപ്പിച്ച് കളിച്ച ഒമാൻ ക്യാപ്റ്റൻ ടീം സ്കോർ പതുക്കെ ഉയർത്തി. 50 ബോളിൽ 69 റൺസാണ് ജതീന്ദറിന്റെ സംഭാവന. മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നത് ഒമാനെ പ്രതിരോധത്തിലാക്കി. വാലറ്റത്ത് വസീം അലി 34 (19) വിനായക് ശുക്ല 40 ( 18) തകർത്തടിച്ചതോടെ കളി ഒമാൻ വീണ്ടെടുത്തു.
ഖത്തറിനുവേണ്ടി മുഹമ്മദ് നദീം, മുജീബുറഹ്മാൻ, മുഹമ്മദ് ആസിം, ഇഖ്റമുല്ല ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജതീന്ദറിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു. രണ്ടാമത്തെ മത്സരത്തിൽ ഒമാൻ ഞായറാഴ്ച യു.എ.ഇ നേരിടും. ഒമാൻ സമയം രാവിലെ ഒമ്പത് മണിക്കാണ് മത്സരം.
