ദോഹ : കത്താറ കൾചറൽ വില്ലേജിൽ നടക്കുന്ന ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം (അഗ്രിടെക്––2025) കാണാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എത്തി. പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പവിലിയനുകളും അമീർ സന്ദർശിച്ചു.നൂതന കാർഷിക സംവിധാനങ്ങളെക്കുറിച്ചും ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർഷിക മേഖലയിലെ നവീകരണവും സുസ്ഥിര വികസനവും മെച്ചപ്പെടുത്തുന്നതിനുമുള്ള നൂതന മാർഗങ്ങളെക്കുറിച്ചും പ്രദർശകർ അമീറിന് വിശദീകരിച്ചു. പ്രദർശനത്തിലെ അതിഥി രാജ്യമായ യുഎഇയുടെ പവലിയനും അമീർ സന്ദർശിച്ചു.
പ്രദർശനത്തിൽ ഇന്ത്യയും പങ്കെടുക്കുന്നുണ്ട് . ഹൈഡ്രോപോണിക്‌സ്, ഹോർട്ടികൾചർ, അക്വാകൾചർ, ഡ്രോണുകളുടെ ഉപയോഗം എന്നിവയുൾപ്പെടെയുള്ള കാർഷിക സാങ്കേതിക വിദ്യകളിൽ ഇന്ത്യയുടെ വൈദഗ്ധ്യമാണ് പ്രദർശനത്തിൽ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഐ ബി പി സിയുമായി സഹകരിച്ചാണ് എംബസി പ്രദർശനത്തിൽ പങ്കെടുക്കുന്നത്. അംബാസഡർ വിപുൽ ആണ് ഇന്ത്യയുടെ പവിലിയൻ ഉദ്ഘാടനം ചെയ്തത്. 300-ലധികം പ്രാദേശിക, രാജ്യാന്തര സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഈന്തപ്പഴം, തേൻ, പൂക്കൾ, എന്നിവയുടെ പ്രത്യേക പ്രദർശനവു ഒരുക്കിയിട്ടുണ്ട്. കൃഷി, സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ചർച്ചകളും സംവാദ സെഷനുകളും ഉൾപ്പെടെയുള്ള പരിപാടികൾ പ്രദർശനത്തോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഈ മാസം 4 ന് ആരംഭിച്ച പ്രദർശനം 8 ന് സമാപിക്കും.
