ദോഹ: രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 10.2 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തി ദേശീയ ആസൂത്രണ സമിതി. 2023 ജൂലൈ മാസത്തെ അപേക്ഷിച്ച് 2024 ജൂലൈയിൽ 3.17 ലക്ഷത്തിലധികം സന്ദർശകർ ഖത്തറിലെത്തിയതായി ആസൂത്രണ സമിതി പുറത്തിറക്കിയ പ്രതിമാസ സ്ഥിതിവിവരക്കണക്ക് ബുള്ളറ്റിനിൽ രേഖപ്പെടുത്തി. ഈ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് 0.4 ശതമാനം കൂടുതൽ സന്ദർശകരാണ് ജൂലൈയിൽ ഖത്തറിലെത്തിയത്.
ജി.സി.സി രാജ്യങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ ഖത്തറിലെത്തിയത്. ആകെ സന്ദർശകരിൽ 46 ശതമാനവും ജി.സി.സി രാജ്യങ്ങളിൽ നിന്നാണെത്തിയത്. കൂടാതെ സന്ദർശകരിൽ ഏറ്റവും കൂടുതൽ പേരെത്തിയത് വ്യോമമാർഗമാണെന്നും ബുള്ളറ്റിനിൽ ചൂണ്ടിക്കാട്ടി.
അതേസമയം, 2501 ജനനങ്ങൾ രജിസ്റ്റർ ചെയ്തതായും മുൻമാസത്തെ അപേക്ഷിച്ച് 2.2 ശതമാനം വർധന രേഖപ്പെടുത്തി. ഇക്കാലയളവിൽ 221 മരണങ്ങൾ രേഖപ്പെടുത്തിയതായും ഇത് മുൻ മാസത്തെ അപേക്ഷിച്ച് 17.6 ശതമാനം കൂടുതലാണെന്നും ആസൂത്രണ സമിതി വ്യക്തമാക്കി.ഈ വർഷം ജൂലൈ മാസത്തിൽ 741 കെട്ടിട അനുമതികൾ നൽകിയതായും പ്രതിമാസ അടിസ്ഥാനത്തിൽ 36.5 ശതമാനം വർധനയും വാർഷികാടിസ്ഥാനത്തിൽ 16.9 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയ ത്. അതോടൊപ്പം ജൂലൈ മാസത്തിൽ 602 വാഹനപകട കേസുകൾ രേഖപ്പെടുത്തിയതായും ആറു പേർ വിവിധ അപകടങ്ങളിലായി മരണമടഞ്ഞതായും റിപ്പോർട്ടിൽ ദേശീയ ആസൂത്രണ സമിതി ചൂണ്ടിക്കാട്ടി.
