ദോഹ: ഖത്തറിൽ ബലി പെരുന്നാൾ നമസ്കാരത്തിന് 710 കേന്ദ്രങ്ങൾ ഒരുക്കിയതായി മതകാര്യ മന്ത്രാലയം അറിയിച്ചു. ജുമാ ദിവസമായ ഈ വരുന്ന വെള്ളിയാഴ്ചയാണ് ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലുമായി പെരുന്നാൾ ആഘോഷം. പുലർച്ചെ 4:58നാണ് നമസ്കാരത്തിന് നിശ്ചയിച്ച സമയം.
ഈദ് ഗാഹുകളും പള്ളികളും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ് നമസ്കാര സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. അൽ അറബി സ്റ്റേഡിയം, അൽ സദ്ദ് സ്റ്റേഡിയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷയും ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയ്ക്ക് മൂന്നുദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. അവധി ദിവസങ്ങളിലും ജോലി നിർവഹിക്കേണ്ട മേഖലകളിൽ തൊഴിൽ നിയമപ്രകാരം ഓവർടൈം ഉൾപ്പെടെ അനുയോജ്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അഞ്ച് ദിവസത്തെ അവധിയാണ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യവ്യാപകമായ പെരുന്നാൾ നമസ്കാരത്തോടനുബന്ധിച്ച് സാമൂഹ്യ സമാധാനം ഉറപ്പാക്കുന്നതിനും നമസ്കാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിനുമായി എല്ലാ സംവിധാനംകളും ഒരുക്കിയിട്ടുണ്ട്.