പെരുന്നാള്‍ അവധി ആഘോഷിച്ച് മടങ്ങും വഴി ദുരന്തം, എസ് യുവി കല്ലില്‍ ഇടിച്ച് മറിഞ്ഞു
ദോഹ : ഈദ് അവധി ആഘോഷിക്കാന്‍ പോയ സുഹൃത്തുക്കളുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. മറ്റ് മൂന്നു പേര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മുവൈത്തിറില്‍ നടന്ന റമദാന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് ക്രൂയിസര്‍ അപകടത്തില്‍പ്പെട്ടത്.
തൃശൂര്‍ സ്വദേശി റസാഖ് (31) , മലപ്പുറം സ്വദേശി ഷമീം (35). മാവേലിക്കര സ്വദേശി സജിത് മങ്ങാട് (37) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഇരിട്ടി സ്വദേശിയായ ശരണ്‍ജിതും, ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞും സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇവര്‍ ഹമദ് ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ശരണ്‍ജിത്തിന്റെ മറ്റ് രണ്ട് മക്കള്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകീട്ട് മിസൈദിലാണ് അപകടം. രണ്ടു വാഹനങ്ങളിലായാണ് സുഹൃത്തുക്കള്‍ ഈദ് അവധി ആഘോഷിക്കാന്‍ യാത്ര പോയത്. ശരണ്‍ ജിത് ഓടിച്ചിരുന്ന ലാന്‍ഡ് ക്രൂസര്‍ കല്ലില്‍ കയറി ശേഷം മറിയുകയായിരുന്നു.
റസാഖും, സജിത്തും ഷമീമും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടനെ എത്തിയ എയര്‍ ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഇവരെല്ലാം അടുത്തടുത്ത വില്ലകളിലാണ് താമസിച്ചിരുന്നത്. റസാഖ് റിയല്‍ എസ്റ്റേറ്റ് കമ്പനിയിലും സജിത് പെട്രോള്‍ സ്റ്റേഷനിലുമാണ് ജോലി ചെയ്തിരുന്നത്.
ഷമീമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അബു ഹമര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. മറ്റു രണ്ടു പേരുടേയും മൃതദേഹങ്ങള്‍ സ്വദേശത്തേക്കു കൊണ്ടുപോകും.