അമ്പതിനായിരം റിയാലില്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സിയോ വസ്തുക്കളോ കൊണ്ടു പോകുമ്പോള്‍ കസ്റ്റംസില്‍ വെളിപ്പെടുത്തണം
ദോഹ : ഖത്തറിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പരമാവധി കൈവശം വെയ്ക്കാവുന്ന തുക അമ്പതിനായിരം റിയാലാണെന്ന് അധികൃതര്‍ അറിയിച്ചു.
അമ്പതിനായിരം റിയാലില്‍ കുൂടുതല്‍ മൂല്യമുള്ള കറന്‍സിയോ മറ്റു വസ്തുക്കളോ കൊണ്ടുപോകുന്നവര്‍ ഇക്കാര്യം കസ്റ്റംസിനെ അറിയിക്കണം. ഇതിനുള്ള ഡിക്ലറേഷന്‍ വിമാനത്താവളത്തിലെ കസ്റ്റംസ് കൗണ്ടറില്‍ ലഭ്യമാണ്.
ഖത്തറിലേക്ക് സര്‍വ്വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും തങ്ങളുടെ യാത്രക്കാരോട് ഇക്കാര്യം വ്യക്തമാക്കണമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
രത്‌നങ്ങള്‍, സ്വര്‍ണം, പ്ലാറ്റിനം തുടങ്ങിയ വിലപ്പിടിപ്പുള്ള ലോഹങ്ങള്‍, ബാങ്ക് രേഖകള്‍, പ്രോമിസറി നോട്ടുകള്‍, മണി ഓര്‍ഡറുകള്‍ എന്നിവ ഉണ്ടെങ്കിലും ഇക്കാര്യം അറിയിക്കണം.
അമ്പതിനായിരം റിയാലില്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സി കൊണ്ടുപോകുമ്പോള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.എന്‍ജിഒകള്‍ ആണെങ്കില്‍ ഇവരുടെ സംഘടനകളെ നിയന്ത്രിക്കുന്ന റഗുലേറ്ററി അഥോറിറ്റിയുടെ അനുമതി പത്രം വേണം.